ചെന്നൈ: നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന ഭയംകാരണം തമിഴ്നാട്ടിൽ വീണ്ടും ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാർഥിയാണ് പരീക്ഷാപ്പേടിയിൽ സംസ്ഥാനത്ത് ജീവനൊടുക്കുന്നത്. നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകൻ മോത്തിലാൽ (21) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.
ഇതിനു മുൻപ് രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തുവരുന്നതിനിടെയാണ് ദാരുണ സംഭവം. പരീക്ഷയിൽ തോൽക്കുമെന്ന പേടിയിൽ ശനിയാഴ്ചയാണ് മൂന്ന് വിദ്യാർഥികൾ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ആദിത്യ, ജ്യോതിശ്രീ, വിഗ്നേഷ് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് വിദ്യാർഥികൾ. മൂവരും 19 നും 21 നും ഇടയിൽ പ്രായമുള്ളവരാണ്.
പരീക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കളെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യ കുറിപ്പിൽ എം ജോതിശ്രീ ദുർഗ പറഞ്ഞു. “മെഡിക്കൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും നിരാശപ്പെടുത്തുമെന്ന് താൻ പേടിക്കുന്നതായാണ് അവർ കുറിപ്പിൽ പറയുന്നത്.” തൂങ്ങിമരിക്കുന്നതിനുമുമ്പ് ജോതിശ്രീ പിതാവിന് ഒരു വോയ്‌സ് നോട്ടും അയച്ചിരുന്നു.
അതേസമയം, രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്നാണ് നടക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.11 മണി മുതൽ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞു.
Post Your Comments