ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി കോൺഗ്രസ്. ആഗസ്റ്റ് 24 ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയാ ഗാന്ധിയെ സഹായിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നടപടി.
പാർട്ടി കാര്യങ്ങളിലും കോൺഗ്രസിന്റെ പ്രവർത്തനത്തിലും സോണിയാ ഗാന്ധിയെ സഹായിക്കാനായി എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഉൾപ്പെടുന്ന ആറംഗ സമിതിയെ നിയോഗിച്ചു. ഇരുവരെയും കൂടാതെ അഹമ്മദ് പട്ടേൽ, അംബിക സോണി, മുകുൾ വാസ്നിക്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.
അതേസമയം മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, മോട്ടിലാൽ വോറ തുടങ്ങിയവരെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി. ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, പ്രിയങ്ക ഗാന്ധി, അജയ് മാക്കൻ, കെ.സി വേണുഗോപാൽ, താരീഖ് അൻവർ, ജിതേന്ദ്രസിംഗ്, രൺദീപ് സിംഗ് സുർജേവാല, ഹരീഷ് റാവത്ത് എന്നിവരെ പുതിയ ജനറൽ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു. താരീഖ് അൻവറിനാണ് കേരളത്തിന്റെ ചുമതല.
കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിമാരും എംപിമാരും അഞ്ച് മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ 23 മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. ഇപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവരാണ് കത്തെഴുതിയത്.കോൺഗ്രസ് പ്രവർത്തകസമിതിയും പുന:സംഘടിപ്പിച്ചിട്ടുണ്ട്. എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എന്നിവരാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ.
Post Your Comments