കോഴിക്കോട് : ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മായനാട് സ്വദേശി പുനത്തില്‍ അബ്ദുള്ള (38), പൂവാട്ട് പറമ്പ് സ്വദേശി ചായിച്ചംകണ്ടിയില്‍ അബ്ദുള്‍ അസീസ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതേ സംഘടനയില്‍ പെട്ടവരുടെ അറസ്റ്റ് ഇനിയുമുണ്ടാകുമെന്ന് എ.സി.പി കെ.അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.
2019 ഒക്ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കൊണ്ടുപോയിട്ടായിരുന്നു അക്രമം. പറമ്പില്‍ ബസാറിലേക്ക് ഒരാള്‍ ഷാജിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയും പോലൂര്‍ തയ്യില്‍താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഓട്ടോറിക്ഷ നിര്‍ത്തിയ ഉടന്‍ പിന്നാലെ ബൈക്കിലെത്തിയവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളും ചേര്‍ന്ന് മാരകായുധങ്ങളുമായി ഷാജിയെ ആക്രമിക്കുകയും ചെയ്തു. സംഭവം നടന്ന് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിജെപിയും എലിയറമല സംരക്ഷണസമിതിയും വിവിധ പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
പിടിയിലായ അബ്ദുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അയോധന കല പരിശീലകനാണ്. മറ്റുപ്രതികളും സംഘടനയിലെ ഈ വിങ്ങുമായി ബന്ധപ്പെട്ടവര്‍ തന്നെയാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ചേവായൂര്‍ സി.ഐ ടി.പി ശ്രീജിത്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഒ.മോഹന്‍ദാസ്, എ.എസ്.ഐ എം. സജി,സീനിയര്‍ സി.പി.ഒമാരായ ഷാലു .എം., ഹാദില്‍ കുന്നുമ്മല്‍, ചേവായൂര്‍ സ്റ്റേഷന്‍ എസ്.ഐ വി രഘുനാഥന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments