Latest NewsNewsInternational

ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി

ഇസ്ലാമാബാദ് : ഇന്ത്യയെ തോല്‍പ്പിക്കുമെന്ന പരസ്യപ്രസ്താവനയുമായി പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നാണ് പാകിസ്താന്‍ സൈനിക മേധാവി പറയുന്നത്.

പാകിസ്താന്‍ പ്രതിരോധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഖമര്‍ ജാവേദിന്റെ പ്രതികരണം. ഇന്ത്യയുടെ പേര് എടുത്തു പറയാതെയായിരുന്നു ഖമര്‍ ജാവേദിന്റെ പരാമര്‍ശം. അഞ്ചാം തലമുറ യുദ്ധത്തില്‍ പാകിസ്താന്‍ തന്നെ ജയിക്കുമെന്ന് ഖമര്‍ ജാവേദ് പറഞ്ഞു. രാജ്യത്തിന്റെയും സൈന്യത്തിന്റെയും പേരിന് കളങ്കം വരുത്തുന്ന വെല്ലുവിളികളെ തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളികളോടാണ് അഞ്ചാം തലമുറയുദ്ധമായി കണ്ട് തങ്ങള്‍ പോരാടുന്നത്. രാജ്യത്തെയും സൈന്യത്തെയും അധിക്ഷേപിക്കുകയാണ് ഇത്തരം വെല്ലുവിളികളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഖമര്‍ ജാവേദ് വ്യക്തമാക്കി.

വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഈ യുദ്ധത്തില്‍ തങ്ങള്‍ രാജ്യത്തിന്റെ സഹകരണത്തോടെ വിജയിക്കുക തന്നെ ചെയ്യും. ഒരു യുദ്ധം ഉണ്ടായാല്‍ പ്രകോപനം സൃഷ്ടിക്കുന്ന രാജ്യത്തിന് തക്കതായ മറുപടി നല്‍കും. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന സന്ദേശം തനിക്ക് ലോകത്തിന് നല്‍കണം. ശത്രുക്കളുടെ ദുഷ്ടലാക്കുകളെ ഇല്ലാതാക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണെന്നും ഖമര്‍ ജാവേദ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button