ദന്തസുരക്ഷയ്ക്ക് കൗമാരം കരുതേണ്ടത്…കുട്ടിക്കാലം മുതല്‍ ആരോഗ്യകരമായ ദന്ത, വായ പരിചരണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കണം. പല്ലു തേക്കുന്നത് മാതാപിതാക്കള്‍ കൃത്യമായി കുട്ടികളെ പഠിപ്പിച്ചു കൊടുക്കുക. തങ്ങള്‍ക്ക് ഇതു കൃത്യമായി അറിയാമോ എന്നു മാതാപിതാ ക്കള്‍ ആദ്യം സ്വയം വിലയിരുത്തട്ടെ. കൃത്യമായി അറിയില്ലെങ്കില്‍ ദന്തഡോക്ടറുടെ സഹായത്തില്‍ പഠിച്ചെടുക്കണം.
ദന്തചികിത്സകള്‍ വളരെയധികം ചിലവേറിയതാണ്. ചികിത്സയിലേക്ക് എത്താതിരിക്കാന്‍ സമയോചിതമായ പ്രതിരോധ ചികിത്സകളും പരിപാലനവും നല്കിയാല് മതിയാവും. കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ പുകയില, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ ഇവയുടെ ദൂഷ്യവശങ്ങളെപ്പറ്റി കൃത്യമായി പറഞ്ഞു മനസിലാക്കണം.
ഫാസ്റ്റ്ഫുഡ് കുഴപ്പമാകുമോ
പ്രായഭേദമെന്യേ ഭക്ഷണകാര്യങ്ങളില്‍ പുതിയ ശീലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മള് വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നതു ശരിയാണ്. രണ്ടുനേരം പല്ലു തേക്കുന്നത് നല്ലതാണ്. പക്ഷേ, ഇതു ശരിയായ രീതിയിലാണോ ചെയ്യുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ഭക്ഷണരീതിയാണോ എന്നു പരിശോധന നടത്തുന്നതിനൊപ്പം പല്ലുകള്‍ക്കും വായ്ക്കും ആവശ്യമുള്ള ശുചീകരണം കൃത്യമായി നടക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് അനിവാര്യം. തിരക്കിട്ട ഈ കാലഘട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരും വീട്ടിലെ ഭക്ഷണത്തിനൊപ്പം ഫാസ്റ്റ് ഫുഡും ഇഷ്ടപ്പെടുന്നു. ഇത് അമിതമാകുന്പോള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം തന്നെ ദന്ത – വായ പ്രശ്നങ്ങളും ഉണ്ടാകുന്നതായി കാണുന്നു.
രണ്ടുനേരം പല്ലു തേച്ചില്ലെങ്കില്‍..
ദിവസവും രണ്ടുനേരം കൃത്യമായി പല്ലുതേയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായി കുട്ടികളെ പഠിപ്പിക്കേണ്ടത്. കുട്ടികള്‍ ചെറിയ പ്രായത്തില്‍ അവരുടെ മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍, കൗമാരത്തില്‍ എത്തുന്പോള്‍ അവര്‍ക്ക് സൗന്ദര്യ ബോധം കൂടുതലായിരിക്കും. കൃത്യമായ ദന്തസംരക്ഷണം നടന്നില്ല എങ്കില്‍ അത് പല്ലുകളില്‍ കറ, വായ്നാറ്റം, പല്ല് ഇല്ലായ്മ എന്ന അവസ്ഥ ഇവയിലേക്ക് നയിക്കുന്നു.
ദന്തല്‍ ഫ്ലോസിങ്ങ് എന്തിന്
ദന്ത, വായ സംരക്ഷണത്തിന് ഇന്ന് ഏറെ ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. അതില്‍ നമ്മുടെ പല്ലുകള്‍ക്കും മോണയ്ക്കും ആവശ്യമുള്ളത് ഏതാണ് എന്നു മനസിലാക്കി തെരരഞ്ഞെടുക്കാനും കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. പല്ലുതേപ്പിനോടൊപ്പം ദന്തല്‍ ഫ്ലോസിങ്ങും ഈ കാലത്തെ ഭക്ഷണ രീതികള്‍ക്ക് അവശ്യമാണ്. അതുപയോഗിക്കുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായകം. ഇത് രണ്ടു പല്ലുകള്‍ക്കിടയില്‍ അടിഞ്ഞുകൂടിയ ഭക്ഷണാവശിഷ്ടങ്ങളെ പൂര്‍ണമായി നീക്കം ചെയ്യുന്നു. ഈ ഭാഗത്താണ് പോട് വരാനുള്ള സാധ്യത ഏറ്റവും കൂടുതല്‍.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണോ
ആഹാരകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ദൈനംദിന ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാരുകളടങ്ങിയ ഭക്ഷണം എന്നിവ ഉള്‍പ്പെടുത്തണം.
Post Your Comments