ലഡാക് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന ,ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈനയെ കയറ്റില്ലെന്ന ദൃഢപ്രതിജ്ഞയെടുത്ത് ഇന്ത്യന്‍ സൈനികരും. അതിര്‍ത്തിയില്‍ സമാധാനത്തിനായി ചര്‍ച്ചകള്‍ക്ക് ശ്രമം ഒരു വശത്ത് നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുന്നത്. ടാങ്കുകളും സായുധ സേനയും അടക്കം കിഴക്കന്‍ ലഡാക്കിലെ ദക്ഷിണ പാംഗോംഗ് പ്രദേശത്ത് ആണ് ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ടുകളുളളത്. ഓഗസ്റ്റ് 30ന് പ്രദേശത്തെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം ഉറപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലിടങ്ങളിലായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. നിയന്ത്രണ രേഖയില്‍ നിന്നും 20 കിലോമീറ്റര്‍ അകലത്തില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ദക്ഷിണ പാംഗോംഗിലെ മോള്‍ഡോയിലുളള ചൈനീസ് സ്ഥാനങ്ങളില്‍ നിന്നും അധികം അകലെ അല്ലാതെ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം താക്കുംഗ് മുതല്‍ മുഖ്പരി വരെയുളള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സുപ്രധാനമായ സ്പംഗുര്‍ ഗാപ്പും ഇക്കൂട്ടത്തിലുണ്ട്. ഈ പ്രദേശം ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു പോലെ നിര്‍ണായകമാണ്. രണ്ട് കിലോമീറ്റര്‍ വീതിയിലുളള ഈ വഴി മാത്രമേ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാവൂ എന്നതിനാലാണിത്. ഇന്ത്യന്‍ സൈന്യം പ്രദേശത്ത് ടാങ്കുകള്‍ പുതിയ സാഹചര്യത്തില്‍ പുനര്‍വിന്യാസം നടത്തിയിട്ടുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപം ആധിപത്യമുളള മേഖലകളില്‍ ഇന്ത്യ കൂടുതല്‍ സൈനികരേയും വിന്യസിച്ചിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആധിപത്യം ഉണ്ട് എന്നതിനാല്‍ തന്നെ ടാങ്ക് വേധന മിസൈലുകളും റോക്കറ്റുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ചൈനീസ് നീക്കങ്ങളെ തടയുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാകും. കിഴക്കന്‍ ലഡാക്കില്‍ ടി-72എം1 ടാങ്കുകള്‍ കൂടാതെ മിസൈല്‍ വേധന ടി-90 യുദ്ധ ടാങ്കുകളും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
Post Your Comments