ബെംഗളൂരു : കേരളത്തെ പിടിച്ചുലച്ച ബംഗളൂരു മയക്കുമരുന്ന് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍. മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലായി. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.
മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടി. തുടര്‍ന്നാണ് സെര്‍ച്ച് വാറണ്ടുമായി ഇന്ന് പുലര്‍ച്ചെ ആറരയോടെ ഉദ്യോഗസ്ഥര്‍ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. വീട്ടില്‍ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഗിണിയുടെ അടുത്ത സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മയക്കുമരുന്ന് വിതരണക്കാരാനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നഗരത്തിലെ മറ്റൊരു വ്യവസായിയായ രാഹുല്‍ ഷെട്ടിയെയെയും അറസ്റ്റ് ചെയ്തതായി കമ്മീഷണര്‍ അറിയിച്ചു. കേസില്‍ സിനിമാ സംഗീത മേഖലയിലെ കൂടുതല്‍ പ്രമുഖരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചനകള്‍
Post Your Comments