ബെയ്ജിങ് : പബ്ജി ഗെയിം ഉള്‍പ്പെടെ 118 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ച സംഭവം, ഇന്ത്യയുടെ ഡിജിറ്റല്‍ യുദ്ധത്തില്‍ തളര്‍ന്ന് ഒന്നും പറയാനാകാതെ ചൈന.
ചൈനീസ് നിക്ഷപകരുടെയും സര്‍വീസ് പ്രൊവൈഡര്‍മാരുടെയും താല്‍പര്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നടപടിയാണ് ഇന്ത്യയുടേത്. അതിനാല്‍ തെറ്റുതിരുത്താന്‍ ഇന്ത്യ തയാറാകണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് പറഞ്ഞു.
ടെന്‍സെന്റ് ഹോള്‍ഡിങ്‌സിന്റെ വിഡിയോ ഗെയിം പബ്ജിയടക്കം 118 മൊബൈല്‍ ആപ്പുകളുടെ പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ വിലക്കിയിരിക്കുന്നത്. ഡേറ്റാ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. ബെയ്ദു, ഷഓമിയുടെ ഷെയര്‍സേവ് തുടങ്ങിയവയ്ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ആപ്പുകള്‍ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുകയും അതു രാജ്യസുരക്ഷയ്‌ക്കെതിരായി ഉപയോഗിക്കുകയും ചെയ്യുമെന്ന് കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആപ് നിരോധനത്തില്‍ ഏറ്റവും വലിയ ആഘാതം പബ്ജി മൊബൈല്‍ ഡവലപ്പറായ ചൈനീസ് കമ്പനി ടെന്‍സെന്റിനാണ്. പബ്ജിക്കു പുറമേ, ടെന്‍സെന്റ് ഗെയിംസിന്റെ ലുഡോ വേള്‍ഡ്, എരീന ഓഫ് വലോര്‍, ചെസ് റഷ് എന്നീ ഗെയിമുകളും വൂവ് മീറ്റിങ്, ഐപിക്ക്, ടെന്‍സെന്റ് വെയ്ഉന്‍, പിതു തുടങ്ങിയ ആപ്പുകളും നിരോധിക്കപ്പെട്ടു. ഇവയില്‍ പലതും ചൈനീസ് പേരുകളിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നത് എന്നതാണ് ശ്രദ്ധേയം. സൈബര്‍ ഹണ്ടര്‍, നൈവ്‌സ് ഔട്ട്, റൈസ് ഓഫ് കിങ്ഡംസ്, ആര്‍ട്ട് ഓഫ് കോണ്‍ക്വസ്റ്റ്, ഡാങ്ക് ടാങ്ക്‌സ്, ഗെയിം ഓഫ് സുല്‍ത്താന്‍സ് തുടങ്ങി നിരോധിക്കപ്പെട്ടവയില്‍ നാല്‍പതോളം ആപ്പുകളും ഗെയിമുകളാണ്. ഏറെയും ആക്ഷന്‍, ഷൂട്ടര്‍ ഗെയിമുകള്‍.
കഴിഞ്ഞ നിരോധനത്തില്‍ പുറത്തായ ഡോക്യുമെന്റ് സ്‌കാനിങ് ആപ്പായ ക്യാംസ്‌കാനറിന്റെ സഹോദരസംരംഭങ്ങളായ ക്യാംകാര്‍ഡ്, ക്യാംഒസിആര്‍, ഇന്‍നോട്ട് തുടങ്ങിയ 7 ആപ്പുകളും ചൈനയുടെ ഗൂഗിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബെയ്ദുവിന്റെ 2 ആപ്പുകളും നിരോധനപട്ടികയിലുണ്ട്. കഴിഞ്ഞ നിരോധനത്തില്‍ ഇല്ലാതായ ആപ്പുകള്‍ക്കു ബദലായി എത്തിയ വ്യാജ ആപ്പുകളും പുറത്തായി. ഗാലറി, ക്യാമറ, മ്യൂസിക് പ്ലേയര്‍, വെബ് ബ്രൗസര്‍ വിഭാഗത്തിലുള്ളവയാണ് മറ്റ് ആപ്പുകളിലേറെയും. ഒരു ആപ് രണ്ടുവട്ടം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കുന്ന പാരലല്‍ സ്‌പേസ്, ഡ്യുവല്‍ സ്‌പേസ്, വിഡിയോകളും ആപ്പുകളുമൊക്കെ ഒളിപ്പിച്ചു വയ്ക്കാന്‍ സഹായിക്കുന്ന ആപ്പുകളും പട്ടികയിലുണ്ട്.
Post Your Comments