മലപ്പുറം : ഓണക്കിറ്റിലെ ശർക്കരയെ ചൊല്ലി സർവത്ര വിവാദമാണ്. തൂക്കത്തിൽ കൃത്രിമമുണ്ടെന്നും ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾക്ക് പിന്നാലെ ഇപ്പോൾ ശർക്കരയിൽനിന്ന് ചത്ത കൂറയുടെ അവശിഷ്ടവും ബീഡിക്കുറ്റിയും കണ്ടെത്തി. തിരൂർ പൂക്കയിലെ റേഷൻകടയിൽനിന്ന് തിരുനിലത്ത് സുനിൽകുമാറിന്റെ മകൻ അതുൽ വാങ്ങിയ കിറ്റിലെ ശർക്കര വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ബീഡിക്കുറ്റി കണ്ടത്.
സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടുണ്ട്. സർക്കാർ വിതരണത്തിനായി വാങ്ങിയ ശർക്കര പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തി തിരിച്ചയയ്ക്കുകയും പകരം അതിനായി പഞ്ചസാര നൽകുകയുംചെയ്തിരുന്നു. എന്നാൽ ഈ ശർക്കര പിൻവലിക്കുന്നതിനുമുമ്പായി വിതരണം ചെയ്തതാകാനാണ് സാധ്യത.
അതേസമയം കോഴിക്കോട് പോലൂർ തെക്കെ മാരാത്ത് ശ്രീഹരിയിൽ രാധാകൃഷ്ണൻ മാരാർക്ക് ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത കൂറയുടെ അവശിഷ്ടം കണ്ടെത്തി. നീലക്കാർഡ് ഗുണഭോക്താവായ രാധാകൃഷ്ണൻ മാരാർക്ക് പോലൂർ കുളമുള്ളയിൽതാഴം റേഷൻ കടയിൽനിന്നുമാണ് വെള്ളിയാഴ്ച രാവിലെ സൗജന്യകിറ്റ് ലഭിച്ചത്. പേരക്കുട്ടിക്ക് ഭക്ഷണം പാകം ചെയ്യാൻ ശർക്കരയെടുത്തപ്പോഴാണ് ചത്ത കൂറയുടെ കാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ശർക്കരയിൽ ഒട്ടിക്കിടക്കുന്ന രീതിയിൽ കാണപ്പെട്ടത്. ശ്രീ സൻജോഭ ഗുൾ ഉദ്യോഗ് എന്ന പേരാണ് നിർമാണക്കമ്പനിയുടെ പേരായി ഒരു കിലോഗ്രാം ശർക്കരയുടെ കവറിന് മുകളിൽ കാണുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർമാരായ പി. സുബിൻ, പി. ജിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് വൈകീട്ടോടെ വീട്ടിലെത്തി ശർക്കരയുടെ സാംപിൾ ശേഖരിച്ചു. ശർക്കരയുടെ സാംപിൾ ശനിയാഴ്ച കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ ശാസ്ത്രീയപരിശോധന നടത്തുമെന്ന് സുരക്ഷാവിഭാഗം അറിയിച്ചു.
Post Your Comments