പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. ഇത്തവണ കോവിഡില്‍ ആണ് ഓണം എന്നതു കൊണ്ട് തന്നെ ആഘോഷങ്ങള്‍ കുറവായിരിക്കും. എന്നാലും തിരുവോണനാളില്‍ അറിഞ്ഞിരിക്കേണ്ട ചടങ്ങുകളെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. സാധാരണയായി തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുന്പില് ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപത്തിന് മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണച്ചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ കാല്പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ് ‘തൃക്കാല്‍ക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. വാമനനെയാണ് ഇവിടെ പൂജിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങള്‍ (കോടിവസ്ത്രം) വാങ്ങി നല്കുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികള്‍ക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയില്‍ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
Post Your Comments