ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച ‘മധുരൈ കാഞ്ചി’യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോള്‍ വിജയത്തിന്റെ ഓര്മ ഒരു കലയാക്കി മാറ്റി. പില്ക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി.
മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രമാണ്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റുവാന്‍ റഫറി (ചായികാരന്മാര് അല്ലെങ്കില്‍ ചാതിക്കാരന്മാര്) ഉണ്ട്. നിരന്നു നില്ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുന്‍പ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് ‘ചേരികുമ്പിടുക’ എന്ന് പറയുന്നു.
ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ‘ഹയ്യത്തടാ’ എന്നൊരാര്‍പ്പോടെ നിലം വിട്ടുയര്‍ന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.
ഓണത്തല്ലുകാര്‍ക്കിടയില്‍ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലന് നായര്‍. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കല്‍പോലും വീഴിക്കാതെ നാല്പതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂര് അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാള്‍ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സില്‍ കാമശ്ശേരി ഗോപാലന് നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂര്‍ സെയ്താലി, എടപ്പാള്‍ ഗോപാലന്, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.
Post Your Comments