സൂറത്ത്: ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവിനെ വധിക്കാന്‍ എത്തിയത് തോക്കുധാരിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുംബൈയിലെ അധോലോക ഭീകരന് ഛോട്ടാ ഷക്കീല്‍ നിയോഗിച്ച ഷാര്‍പ്പ് ഷൂട്ടറെയാണ് വലയിലാക്കിയതെന്ന് ഭീകര വിരുദ്ധസേന വക്താവ് അറിയിച്ചു.
അഹമ്മദാബാദിലെ റിലീഫ് റോഡിലുള്ള ഒരു ഹോട്ടലിലാണ് അക്രമി തങ്ങിയിരുന്നത്. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ റെയ്ഡില്‍ ഇയാള്‍ പിടിയിലായി. പരിശോധനക്കിടെ പോലീസ് സംഘത്തിനു നേര്‍ക്ക് ഇയാള്‍ ഒരു തവണ വെടിയുതിര്‍ത്തു. എന്നാല്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. അക്രമിയുടെ പക്കല്‍ നിന്നും രണ്ട് കൈതോക്ക് പിടികൂടിയിട്ടുണ്ട്. കൃത്യമായ ചോദ്യം ചെയ്യലിനുശേഷം മാത്രമെ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുകയുള്ളുവെന്ന് എടിഎസ് വക്താവ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുംബൈ സ്വദേശിയായ അക്രമി ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്തതെന്ന് ഹോട്ടല്‍ മാനേജര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഛോട്ടാ ഷക്കീല്‍ എന്തിനാണ് ബിജെപി നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. അതേ സമയം തന്നെ വധിക്കാന്‍ അക്രമിയെ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നതായി മുതിര്‍ന്ന ബിജെപി നേതാവ് ഗോര്‍ധാന്‍ സദാഫിയ ഗീര്‍ സോമനാഥ് ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.
Post Your Comments