കൊച്ചി : ഹോട്ടൽമുറിയിൽ എഴുപുന്ന സ്വദേശിനിയായ 19കാരി രക്തംവാർന്ന് മരിച്ച സംഭവത്തിലേയ്ക്കു നയിച്ചത് സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ സ്മാർട്ഫോൺ. അതുവരെ സോഷ്യൽ മീഡിയകളിൽ സജീവമല്ലാതിരുന്ന യുവതി ഫോൺ ലഭിച്ചതോടെ ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവമാകുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു മാസം മുമ്പ് എടവനക്കാട് സ്വദേശി ഗോകുലുമായി ചാറ്റിങ് പതിവായി. പിന്നീട് ബന്ധം വാട്സാപ്പിലേയ്ക്കും ഫോൺവിളികളിലേയ്ക്കും മാറുകയായിരുന്നു. യുവാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പെൺകുട്ടി കൊച്ചിയിൽ ഇന്റർവ്യൂവിനെന്നു പറഞ്ഞ് പോയതെന്ന് മാതാപിതാക്കൾ പറയുന്നു. പെൺകുട്ടിക്ക് പ്ലസ്ടുവിന് ഒരു പേപ്പർ നഷ്ടമായിരുന്നു. ഇത് എഴുതി എടുക്കുന്നതിനിടെയുള്ള സമയത്തിനിടെ ഒരു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ഇപ്പോൾ ജോലിയെക്കുറിച്ച് ആലോചിക്കേണ്ടെന്നും പഠിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും യുവതി കരഞ്ഞ് നിർബന്ധം പിടിച്ചാണ് വീട്ടിൽ നിന്ന് പോയതെന്നും മാതാപിതാക്കൾ പറഞ്ഞു.
കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനത്തിനൊപ്പം തനിക്കൊരു വരുമാനം കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്ന് പറഞ്ഞാണ് ജോലിക്കാര്യം വീട്ടിൽ അവതരിപ്പിച്ചത്. ഇതുവരെ ഒരു മോശം പേരും കേൾപ്പിച്ചിട്ടില്ലാത്ത പെൺകുട്ടിയായിരുന്നു അവൾ. ഇത്തരത്തിൽ സംഭവിച്ചതിന് കാരണം ഗോകുലാണ്. അയാളുടെ നിർബന്ധം മൂലമായിരുന്നിരിക്കണം അവൾ വാശിപിടിച്ച് പോയത്. മകളുടെ മരണത്തിന് കാരണക്കാരായവനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിൽ, മരിച്ച പെൺകുട്ടിക്ക് ഇളയതായി രണ്ടു കുട്ടികൾ കൂടിയുണ്ട്. കുഞ്ഞുങ്ങളുടെ പഠനത്തിന് വളരെ ബുദ്ധിമുട്ടിയായിരുന്നു ഫോൺ തന്നെ വാങ്ങിയത്. അത് ഇത്തരത്തിൽ ഒരു ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇവർ പറയുന്നു.
കഴിഞ്ഞ 12ന് രാവിലെ 11 മണിക്കാണ് യുവതിക്കൊപ്പം ഗോകുൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടലിൽ മുറിയെടുക്കുന്നത്. യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അമിത രക്തസ്രാവമുണ്ടായെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഹസ്യമായി റൂമെടുത്തതിനാൽ ആശുപത്രിയിൽ പോകാനുള്ള ഭയംമൂലമാണ് ചികിത്സ വൈകിയതെന്നാണ് ഇയാൾ പറയുന്നത്.
ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചിരുന്നു. ഗോകുൽ ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും പൊലീസ് കണ്ടെത്തി പെൺകുട്ടിയുടെ വിവരങ്ങൾ സംഘടിപ്പിച്ച് വീട്ടിലറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Post Your Comments