KeralaLatest NewsNewsIndia

‘ക്ഷേത്രത്തിനകത്ത് യേശുവിന്റെ ചിത്രം, പൂജയര്‍പ്പിക്കാന്‍ മലയാളി എസ്പി ആവശ്യപ്പെട്ടു’, പ്രചരണം വ്യാജം

ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്ന എസ്പി ദിവ്യ സാറ തോമസിന്റെ ചിത്രവും സന്ദേശത്തോടൊപ്പം പ്രചരിപ്പിച്ചിരുന്നു.

കര്‍ണാടകയിലെ ചാമരാജനഗറിലുള്ള വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ മലയാളി എസ്പിയായ ദിവ്യ സാറ തോമസ് ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം. യേശുവിന്റെ ചിത്രം ക്ഷേത്രശ്രീകോവിലിനുള്ളില്‍ വെയ്ക്കാന്‍ പൊലീസ് സൂപ്രണ്ട് പൂജാരിയെ നിര്‍ബന്ധിച്ചുവെന്നായിരുന്നു പ്രചരണം. ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്ന എസ്പി ദിവ്യ സാറ തോമസിന്റെ ചിത്രവും സന്ദേശത്തോടൊപ്പം പ്രചരിപ്പിച്ചിരുന്നു.

പ്രചരണം

കൊല്ലഗല്ലയിലുള്ള ഗണപതി ക്ഷേത്രം എസ്പി ദിവ്യ സാറ തോമസ് സന്ദര്‍ശിച്ചുവെന്നായിരുന്നു നിഷാന്ത് ആസാദ് എന്നയാളുടെ ട്വീറ്റ്. യേശുവിന്റെ ചിത്രം ശ്രീകോവിലിനുള്ളില്‍ വെക്കാന്‍ എസ്പി പൂജാരിയെ നിര്‍ബന്ധിച്ചു, തുടര്‍ന്ന് പൂജ നടത്താനും ആവശ്യപ്പെട്ടെന്നും വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നു. യേശുവിന്റെ ചിത്രം ശ്രീകോവിലിനുള്ളില്‍ വെച്ചിരിക്കുന്നതിന്റെയും, പുറത്ത് എസ്പി നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ആഗസ്റ്റ് 11ന് രാത്രി ബംഗളൂരു ഈസ്റ്റ് മേഖലയില്‍ പ്രതിഷേധവും അക്രമവും വെടിവെപ്പും നടന്നതിന് പിന്നാലെയായിരുന്നു ട്വീറ്റ്. തുടര്‍ന്ന് എസ്പിയെ പുറത്താക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

വസ്തുത
ക്ഷേത്രത്തിനകത്ത് യേശുവിന്റെ ചിത്രം വെച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്നാണ് ഇന്ത്യ ടുഡേയുടെ ആന്റി ഫെയ്ക്ക് ന്യൂസ് വാര്‍റൂം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ എസ്പിയെ സ്വീകരിക്കാന്‍ നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളാണ് നുണപ്രചരണത്തിനായി ഉപയോഗിച്ചത്. ചാമരാജനഗറിലുള്ള വീരാഞ്ജനേയ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ പൂജിച്ച് നല്‍കുന്നത് പതിവാണ്. എസ്പി ക്രിസ്ത്യന്‍ മതവിശ്വാസിയായതിനാല്‍ യേശുവിന്റെ ഫോട്ടോയും ഒപ്പം ഹിന്ദുദേവന്മാരുടെ ഫോട്ടോയുമാണ് പുരോഹിതന്‍ സമ്മാനമായി നല്‍കിയതായത്.

സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക പൊലീസും രംഗത്തെത്തിയിട്ടുണ്ട്. എസ്പിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച പൊലീസ്, ക്ഷേത്രത്തിലെ പൂജാരി രാഘവന്‍ ലച്ചു സംഭവത്തിന്റെ വസ്തുത വെളിപ്പെടുത്തുന്ന വീഡിയോ സന്ദേശവും പങ്കുവെച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button