ന്യൂഡൽഹി : ചൈന വിരുദ്ധവും, ഇന്ത്യാ സൗഹൃദവുമായ നയമാണ് മാലിദ്വീപ് പ്രസിഡന്റായ ഇബ്രാഹിം സോളിഹിന്റേത്. നരേന്ദ്ര മോദിയെ ഉറ്റ സുഹൃത്തായാണ് ഇബ്രാഹിം സോളിഹ് കാണുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ രണ്ട് നിർണായക അയൽക്കാർ തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം, ദ്വീപ് രാഷ്ട്രത്തിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനുള്ള വ്യക്തമായ സന്ദേശമാണ് നൽകുന്നത്. അതിനാൽത്തന്നെ ഈ സൗഹൃദം വളരെ പേടിയോട് കൂടിയാണ് ചൈന വീക്ഷിക്കുന്നത്.
അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ മാലി കണക്ടിവിറ്റി പദ്ധതിക്ക് ഇന്ത്യ 100 ദശലക്ഷം ഡോളര്‍ ഗ്രാന്റായും, 400 ദശലക്ഷം വായ്പയും നല്‍കും. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനോട് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
മാലിദ്വീപിലെ ഏറ്റവും വലിയ സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണിത്. മാലി മൂന്ന് അയൽ ദ്വീപുകളായ വില്ലിംഗിലി, ഗുൽഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളുമായാണ് ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി പൂർത്തിയായാൽ, നാല് ദ്വീപുകൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. അതുവഴി മാലി മേഖലയിലെ സമഗ്ര നഗരവികസനം ഉണ്ടാകുകയും ചെയ്യും.തന്റെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹായം വാഗ്ദ്ധാനം ചെയ്ത ഇന്ത്യൻ സർക്കാരിനോട് വിദേശകാര്യ മന്ത്രി ഷാഹിദ് നന്ദി അറിയിക്കുകയും ചെയ്തു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി പറഞ്ഞ് പ്രസിഡന്റ് സോളിഹ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments