മൂന്നാര്‍ : ഇടുക്കിയിലെ രാജമലയില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. കഴിഞ്ഞ ദിവസം പെട്ടിമുടിപ്പുഴയില്‍ നിന്നു 3 മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണ 52 ആയത്. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. 3 പേരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു സംസ്‌കരിച്ചു.
ബാക്കിയുള്ള 19 പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇവരില്‍ 9 കുട്ടികളുണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു. പെട്ടിമുടിപ്പുഴയിലെ തിരച്ചിലിനാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം. തിങ്കളാഴ്ച 6 മൃതദേഹം കണ്ടെടുത്തതും ഇവിടെ നിന്നാണ്.
കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെ തെരച്ചില്‍ ദുഷ്‌കരമാക്കുന്നു. ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഡിഎന്‍എ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം
Post Your Comments