ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധി നേരിടാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മരണനിരക്ക് കുറയുന്നതും, രോഗത്തില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമെല്ലാം ഇതാണ് കാണിക്കുന്നത്. രോഗ വ്യാപനം കുറയ്ക്കുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും വ്യക്തമായ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൊറോണ കാരണമുണ്ടായ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തോട് എല്ലാ സംസ്ഥാനങ്ങളും പോരാടുകയാണ്. രോഗ നിയന്ത്രണത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും പങ്ക് വലുതാണ്. രോഗമുക്തി ഉയരുന്നതും, മരണനിരക്ക് കുറയുന്നതും നമ്മള്‍ ശരിയായ ദിശയിലാണെന്നാണ് കാണിക്കുന്നത്. രോഗസാദ്ധ്യത ഉണ്ടെന്ന് തോന്നി 72 മണിക്കൂറിനുള്ളില്‍ ഒരു വ്യക്തി രോഗനിര്‍ണയം നടത്തിയാല്‍ വൈറസ് വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെല്ലാം 72 മണിക്കൂറിനുള്ളില്‍ പരിശോധനയ്ക്ക് വിധേയരാകണം’ പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ 80 ശതമാനം കേസുകളും ഈ 10 സംസ്ഥാനങ്ങളിലാണെന്നും, അതിനാല്‍ പോരാട്ടത്തില്‍ ഈ സംസ്ഥാനങ്ങളുടെ പങ്ക് ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കൊറോണ ഒരു ഘട്ടത്തില്‍ ഗുരുതരമായ അവസ്ഥയിലെത്തിയിരുന്നു. ആ സമയം അമിത്ഷായുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഒരു പരിധി വരെ തങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിച്ചു. പ്രതിദിന പരിശോധന നിലവില്‍ ഏഴ് ലക്ഷം കടന്നു. ഇത് ഇനിയും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വൈറസ് ബാധ പടരുന്നത് ഇതിലൂടെ തടയാനാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments