Latest NewsKeralaNews

റെഡ് ക്രസൻറുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം • റെഡ് ക്രസൻറുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഏജൻസിയെ കണ്ടുപിടിച്ചതും, കരാർ നൽകിയതും, അവരുമായി പണമിടപാടുകൾ നടത്തുന്നതുമെല്ലാം റെഡ് ക്രസൻറു നേരിട്ടാണ്. വടക്കാഞ്ചേരിയിൽ റെഡ് ക്രസൻറ് സ്‌പോൺസർ ചെയ്ത ഭവന സമുച്ചയ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെൻറ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആർ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചത്.

യുഎഇ റെഡ് ക്രസൻറ് അതോറിറ്റി ടീം അവരുടെ ജനറൽ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അൽ ഫലാഹിയുടെ നേതൃത്വത്തിൽ എത്തിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിതർക്കായി സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിർമ്മിച്ച് നൽകുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്. 2019 ജൂലൈ 19 ന് റെഡ് ക്രസൻറ് ജനറൽ സെക്രട്ടറി അടക്കം നാല് യുഎഇ പൗരൻമാരും, എം.എ. യൂസഫലിയും യോഗത്തിൽ പങ്കെടുത്തു.

ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിർഹവും ഒരു ഹെൽത്ത് സെൻറർ നിർമിച്ച് നൽകുന്നതിന് 3 ദശലക്ഷം ദിർഹവുമടക്കം മൊത്തം 10 ദശലക്ഷം യുഎഇ ദിർഹം കേരള സർക്കാരിന് സഹായമായി നൽകുന്നതിനുള്ള ഫ്രെയിം വർക്ക് ആണ് എംഒയുവിൽ പ്രതിപാദിച്ചിട്ടുള്ളത്. ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് പ്രത്യേകം എഗ്രിമെൻറുകൾ വെക്കണമെന്ന കാര്യവും എംഒയുവിൽ ഉൾപ്പെടുന്നു.

റെഡ് ക്രസൻറ് സംസ്ഥാനത്തിന് നൽകാനുദ്ദേശിക്കുന്ന സഹായം ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്നതിന് ഉദ്ദേശിക്കുന്ന ഭവനസമുച്ചയത്തിന് ഉപയുക്തമാക്കാമെന്നും, ഹെൽത്ത് സെൻററും അവിടെത്തന്നെ ആലോചിക്കാമെന്നും ഈ യോഗത്തിൽ തീരുമാനിച്ചു. റെഡ് ക്രസൻറ് പണമായി സംസ്ഥാന സർക്കാരിന് സഹായം നൽകുന്നില്ലെന്നും, അവർ തന്നെ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടം പണിത് സർക്കാരിന് കൈമാറുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നും റെഡ് ക്രസൻറ് ജനറൽ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2019 ആഗസ്റ്റ് മാസത്തിൽ തുടങ്ങി 2020 ആഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കുന്നതിനായിരുന്നു പ്ലാൻ. കോവിഡ് 19 മൂലം പണി താമസിച്ചു. 2020 ഡിസംബർ മാസത്തോടെ പൂർത്തീകരിക്കുമെന്നാണ് കരുതുന്നത്. 500 ച.അടി വിസ്തീർണ്ണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തിൽ നിർമിക്കപ്പെടുന്നത്.

ഇതേ രീതിയിൽ മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ മറ്റു പല സ്ഥാപനങ്ങളും വീടുകൾ നിർമിക്കാൻ തയ്യാറാവുകയും ആ പദ്ധതി നടപ്പാവുകയും ചെയ്തിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button