ജയ്പൂർ : ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം. രാജസ്ഥാനിലെ ജോധ്പുരിലെ ലോഡ്ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ ഒരു ഫാം ഹൗസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചു കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ കുടുംബം ഭിൽ സമുദായത്തിൽ ഉൾപ്പെട്ടവരാണ്. ബുദ്ധറാം ഭിൽ (75), ഭാര്യ അന്തര ദേവി, മകന്‍ രവി (31), പെൺമക്കളായ ജിയ (25), സുമൻ (22) നാൽപ്പതുകാരിയായ മറ്റൊരു സ്ത്രീ, അഞ്ച് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള വിഷമാണ് ഉള്ളിൽച്ചെന്നതെന്ന് വിശദപരിശോധന ഫലം വന്നതിന് ശേഷം മാത്രമെ അറിയാൻ കഴിയു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പൊലീസ് അതിക്രമവും കുടുംബപരമായ പ്രശ്നങ്ങളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചു കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിൽ ജീവനോടെ അവശേഷിക്കുന്ന കേവൽ റാം എന്നയാളെ ചുറ്റിപ്പറ്റിയാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇയാളുമായി അകന്നു കഴിയുന്ന ഭാര്യയുടെ വീട്ടുകാരിൽ നിന്ന് കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. മരിച്ച ബുദ്ധറാമിന്‍റെ മകനാണ് കേവൽ.
2015ലാണ് പാകിസ്താനിൽ നിന്ന് ഈ കുടുബം രാജസ്ഥാനിലെത്തുന്നത്. ഇവിടെ ഭൂമി വാടകയ്ക്കെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. കുടുംബത്തിൽ കൂട്ടമരണം നടന്ന സമയത്ത് താൻ പാടത്തിന് കാവലിരിക്കുകയായിരുന്നുവെന്നാണ് കേവൽ റാം പറയുന്നത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയിൽ കാണുന്നതെന്നും ഇയാൾ പറയുന്നു.
‘ഞങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കാനാണ് ഇന്ത്യയിലേക്കെത്തിയത് എന്നാൽ ഇവിടെയും അതിന് ഭീഷണി ഉയരുകയാണ്’ എന്നും ആത്മഹത്യാകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ മറ്റ് കുടിയേറ്റ കുടുംബങ്ങളാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മഹത്യാകുറിപ്പിൽ പൊലീസ് പീഡനം സംബന്ധിച്ച് പരാമർശം ഉള്ളതിനാൽ അന്വേഷണത്തിൽ ഇവരെ വിശ്വസിക്കാനാകില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
Post Your Comments