ന്യൂഡല്‍ഹി • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കോവിഡ് 19 പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിത് ഷായ്ക്ക് കോവിഡ് നെഗറ്റീവായതായി ബി.ജെ.പി നേതാവ് മനോജ് തിവാരി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. മന്ത്രാലയത്തിന്റെ വിശദീകരണം വന്നതിന് പിന്നാലെ മനോജ് തിവാരി ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.
ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ഷാ ഡല്‍ഹിയ്ക്ക് സമീപം ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ബാധിതനായ വിവരം അമിത് ഷാ തന്നെയാണ് ജനങ്ങളെ അറിയിച്ചത്. വിപുലമായ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തിയിയിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോകാനും ഷാ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ 55 കാരനായ ഷാ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരടക്കം എല്ലാ ഉന്നത മന്ത്രിമാരും പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച നിർണായക യോഗത്തിൽ സാമൂഹിക അകലം ഉൾപ്പെടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നതിനാല്‍ ഇവരാരും ക്വാറന്റൈനില്‍ പോയിരുന്നില്ല.
Post Your Comments