തിരുവനന്തപുരം : വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.
അതേസമയം വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരികയാണ്. പല നദികളും കരകവിഞ്ഞൊഴുകി. റെഡ് അലർട്ടുളള വയനാട്ടിൽ മഴ ശക്തമാണ്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.
പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ജില്ലയിൽ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആകെ 807 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments