മുംബൈ : മാതാപിതാക്കളിൽ നിന്നും ആവശ്യത്തിന് ശ്രദ്ധയും സ്നേഹവും ലഭിക്കുന്നില്ലെന്ന് തോന്നിയ 12 വയസുകാരി ഇ-മെയിൽ ഭീഷണിയുമായി രംഗത്ത്. കുറച്ച് ലക്ഷങ്ങൾ തനിക്ക് വേണമെന്നും ഇല്ലെങ്കിൽ പണം നൽകാത്ത പക്ഷം കുടുംബാംഗങ്ങളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.
മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ഐപിസി സെക്ഷൻ 387 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭാര്യയ്ക്ക് ഭീഷണി മെയിലുകൾ ലഭിച്ചതിനെ തുടർന്നാണ് ബാങ്കറായ ഭർത്താവ് ജൂലൈ 21ന് ബോറിവാലി പൊലീസിനെ പരാതിയുമായി സമീപിച്ചത്. ഇതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പതിനൊന്നാം യൂണിറ്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു.വ്യത്യസ്തമായ ഇ-മെയിലുകളിൽ നിന്നായിരുന്നു ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നത്.
താനൊരു ചൈനീസ് പൗരനാണെന്ന് അവകാശപ്പെട്ട് ആയിരുന്നു മെയിലുകൾ. കുടുംബാംഗങ്ങളെയെല്ലാം അറിയാമെന്ന് വ്യക്തമാക്കി കൊണ്ടുള്ള മെയിലിൽ ഒരു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, തുടർന്നുള്ള ആശയവിനിമയത്തിൽ സന്ദേശം അയച്ചയാൾ ഒരു ലക്ഷം എന്നത് 1.2 കോടി രൂപയായി ഉയർത്തി. പരാതിക്കാരനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് സാങ്കേതിക വിദഗ്ദർ നടത്തിയ പരിശോധനയിൽ മെയിലുകൾ ബാങ്കറുടെ ഫോണിൽ നിന്ന് തന്നെ അയച്ചതാണെന്ന് കണ്ടെത്തി.
ഇതോടെയാണ് ബാങ്കറുടെ മൊബൈൽ ഫോൺ 12 വയസുകാരിയായ മകളാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയത്. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ മെയിലുകൾ അയച്ചതായി കുട്ടി സമ്മതിക്കുകയും ചെയ്തു.
മാതാപിതാക്കൾ തനിക്ക് ശ്രദ്ധ നൽകുന്നില്ലെന്നും നാലു വയസുകാരിയായ സഹോദരിയെയാണ് അവർ കൂടുതൽ സ്നേഹിക്കുന്നതെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതാപിതാക്കൾ തന്നെ ഇടയ്ക്കിടയ്ക്ക് വഴക്ക് പറയാറുണ്ടെന്നും ഇത്തരം മെയിലുകൾ അയച്ചാൽ തന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്നും പ്രതീക്ഷിച്ചതായും കുട്ടി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. അതേസമയം അന്വേഷണം തുടരാൻ മാതാപിതാക്കൾ വിസമ്മതിച്ചതായും ഇക്കാര്യം അവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചതായും ബോറിവാലി പൊലീസ് അറിയിച്ചു.
Post Your Comments