KeralaLatest NewsIndiaNews

അയോധ്യയിൽ ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച് ക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കും. ആഘോഷ ലഹരിയിലമർന്നിരിക്കുന്ന ക്ഷേത്രനഗരത്തിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് സംഘാടകർ അറിയിച്ചു.

അയോധ്യ നഗരത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഫൈസാബാദിലും കനത്ത സുരക്ഷാ സന്നാഹമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഹനുമാൻ ഗഡി മുതൽ രാമക്ഷേത്രം വരെയുള്ള വഴിയിൽ താമസിക്കുന്നവർക്കെല്ലാം പ്രത്യേക പാസ് നൽകിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. 135 സന്യാസിമാര‍ടക്കം 250 പേർ ചടങ്ങി‍ൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. 11.30 ന് എത്തുന്ന പ്രധാനമന്ത്രി ഹനുമാൻഗഡി ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമായിരിക്കും രാമജന്മഭൂമിയിലെത്തുക. 12.30 ന് ആരംഭിക്കുന്ന ചടങ്ങുകൾ 2 മണിവരെ നീണ്ടേക്കും. അയോധ്യയുടെ വികസന പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള കർമങ്ങൾ ഇന്നലെ ആരംഭിച്ചു. ഗൗരി ഗണേശ പൂജ നടന്നു. ഇന്നു രാമപൂജ നടക്കും. വാരാണസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 21 പൂജാരിമാരാണ് കാർമികത്വം വഹിക്കുന്നത്. താൽക്കാലിക ശ്രീകോവിലിൽപ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ല വിഗ്രഹത്തിൽ പുതിയ വസ്ത്രങ്ങളണിയിച്ചാണു പൂജ. ഇന്നലെ വെളുത്ത വസ്ത്രമണിയിച്ചു. ഇന്ന് ചുവപ്പു വസ്ത്രം. ഭൂമി പൂജ ദിവസമായ നാളെ നവരത്നങ്ങൾ പതിച്ച പച്ച വസ്ത്രമാണ് വസ്ത്രമാണ് അണിയിക്കുകയെന്ന് മുഖ്യപൂജാരി സത്യേന്ദ്രദാസിന്റെ വക്താവ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button