ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം തികയുമ്പോഴും നീതി കിട്ടുമെന്ന് ഉറപ്പില്ലെന്ന് കുടുംബം. കൊറോണയുടെ മറവില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തത് കുടുംബത്തിന് വലിയ ആഘാതമായിട്ടുണ്ടെന്നും സഹോദരന്‍ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കുറ്റവാളിക്ക് ശിക്ഷ ഉറപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. ജോലിയും സഹായവുമെല്ലാം പിന്നീടാണ് വേണ്ടത്. കോടതി കുറ്റവാളിയെ വെറുതെ വിട്ടാലും ഇത്രയേറെ വിഷമമുണ്ടാകുമായിരുന്നില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സുഹൃത്ത് വഫ ഫിറോസിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് കെ എം ബഷീറിനെ ഇടിച്ച് തെറിപ്പിച്ചത്. തെളിവ് നശിപ്പാക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കേസില്‍ നിന്നും രക്ഷപ്പെടാനും ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചു. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതും മനപൂര്‍വ്വമല്ലാത്ത നരഹത്യയും തെളിവ് നശിപ്പിക്കലുമാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കിയിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടുണ്ട്.
ഫെബ്രുവരി മൂന്നിനാണ് അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വിചാരണ ആരംഭിച്ചിട്ടില്ല. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും രണ്ട് തവണയും കോടതിയില്‍ ഹാജരായിരുന്നില്ല. ഇരുവരും സെപ്റ്റംബര്‍ 16 ന് ഹാജരാകണമെന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്രേട്ട് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശ്രീറാമിനെയും വഫ ഫിറോസിനെയും കോടതിയില്‍ ഹാജരാക്കാനുള്ള ചുമതല കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അവധി അപേക്ഷ അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘത്തി നാണ് ഇരുവരെയും ഹാജരാക്കാനുള്ള ചുമതല.
നിര്‍ണായക തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്നാണ് കേസില്‍ സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ചന്ദ്രശേഖരന്‍ നായര്‍ ദ ക്യുവിനോട് പ്രതികരിച്ചു.കെ എം ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ശ്രീറാമിന്റെ ഫോട്ടോ കെഎം ബഷീര്‍ ഫോണില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണവിധേയമാക്കേണ്ടതാണ്. അപകടം നടന്ന സമയവും കൃത്യമായി കിട്ടാന്‍ സഹായിക്കും.
ശ്രീറാം വെങ്കിട്ടരാമന്റെ സ്മാര്‍ട്ട് ഫോണും പരിശോധിക്കണം. അപകടത്തിന് ശേഷം രക്ഷപ്പെടുന്നതിനായി ശ്രീറാം ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്തണം. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് മൊഴിയുണ്ടായിട്ടും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാതിരുന്നത് ആരുടെ സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമാകാന്‍ ഇത് സഹായിക്കും. ഉന്നത ഉദ്യോഗസ്ഥരോ സഹപ്രവര്‍ത്തകരോ ആ സമയത്ത് വിളിച്ചിരുന്നുവെന്ന് വ്യക്തമാകണം. മെഡിക്കല്‍ പരിശോധനയ്ക്ക വിധേയനാകാതെ കിംസ് ഹോസ്പിറ്റലിലേക്ക് ശ്രീറാം വെങ്കിട്ടരാമന്‍ പോയത് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ അനുമതിയോടെയായിരിക്കും. അവരുടെ ഒത്താശയോടെയായിരിക്കും പ്രധാന തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടാകുക. രണ്ട് ഫോണുകളുടെയും ഫോറന്‍സിക് പരിശോധന നിര്‍ണായകമാകുന്നത് അതുകൊണ്ടാണെന്നും അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
Post Your Comments