വരുന്നൂ…. അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള റെയില്‍വേ സ്റ്റേഷന്‍. രാമക്ഷേത്രമാതൃകയില്‍ പുനര്‍നിര്‍മിക്കുന്ന അയോധ്യ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ആദ്യ ഘട്ടം 2021 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ല്‍ സര്‍ക്കാരിന്റെ നിര്‍മാണ വിഭാഗമായ RITES ആണ് പദ്ധതി ആരംഭിച്ചത്. പദ്ധതി നടത്തിപ്പിനായി ആകെ 104 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് തൊട്ടുമുമ്പാണ് പുതിയ നീക്കം.
ലോകനിലവാരത്തിലുള്ള മികച്ച സ്റ്റേഷനാണ് അയോധ്യയില്‍ വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. ആദ്യ ഘട്ടത്തില്‍ പ്രധാന മൂന്ന് പ്ലാറ്റ്‌ഫോമുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍, നിലവിലെ സര്‍ക്കുലേറ്റിങ് ഏരിയയുടെയും ഹോള്‍ഡിങ് ഏരിയയുടെയും വികസനം എന്നിവയാണ് ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും നിര്‍മാണവും നടക്കും.
ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടുക, വെയ്റ്റിങ് റൂം വിപുലീകരണം, എയര്‍ കണ്ടീഷന്‍ ചെയ്ത മൂന്ന് വിശ്രമമുറികള്‍, പുരുഷന്മാര്‍ക്കായി 17 കിടക്കകളുള്ള ഡോര്‍മിറ്ററി (ടോയ്ലറ്റോടു കൂടിയത്), 10 കിടക്കകളുള്ള വനിതാ ഡോര്‍മിറ്ററി(ടോയ്ലറ്റോടു കൂടിയത്) എന്നിങ്ങനെ സ്റ്റേഷനില്‍ ലഭ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സ്റ്റേഷന്‍ നവീകരിക്കുന്നതാണ് മറ്റു അധികസൗകര്യങ്ങള്‍. ഇവ കൂടാതെ ഫുട്ട് ഓവര്‍ ബ്രിജ്, ഫുഡ് പ്ലാസ, ഷോപ്പുകള്‍, അധിക ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും.
Post Your Comments