KeralaLatest NewsNews

മലയാളികള്‍ നെഞ്ചേറ്റിയ “കൈതോല പായവിരിച്ച്” എന്ന നാടൻപാട്ടിന്റെ ശിൽപി ജിതേഷ് അന്തരിച്ചു

മലപ്പുറം • മലയാളികള്‍ നെഞ്ചേറ്റിയ “കൈതോല പായവിരിച്ച്” എന്ന നാടൻപാട്ടിന്റെ ശിൽപി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ജിതേഷിന്റെ അന്തം. മലപ്പുറം ആലങ്കോട് സ്വദേശിയാണ്.

കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്‌’ എന്ന ഗാനത്തിന്റെ രചയിതാവ് ജിതേഷ് ആണെന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിയുന്നത്.

പെയിന്റിങ് തൊഴിലാളിയായ ജിതേഷ് പിന്നീട് ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘവുമായി ഊരുചുറ്റിയിരുന്നു. 1992-ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു. പന്ത് എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ചഞ്ഞരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

shortlink

Post Your Comments


Back to top button