KeralaLatest NewsNews

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് ; തെളിവുകളില്ല, മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെ അഞ്ച് പേരാണ് കേസില്‍ പ്രതികളായിരുന്നത്. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കാണിച്ചാണ് കോടതി വെറുതെ വിട്ടത്. കെട്ടിച്ചമച്ച് ഉണ്ടാക്കിയ സാക്ഷികളും തെളിവുകളും ആണ് കേസില്‍ ഉണ്ടായിരുന്നതെന്നും നിരപരാധിത്വം തെളിഞ്ഞെന്നും പ്രതികരിച്ച ഇവര്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്നാണു പ്രതീക്ഷയെന്നും വ്യക്തമാക്കി.

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സ്മാരകം അടിച്ച് തകര്‍ക്കുകയും ചെയ്തത്. സംഭവം നടന്ന് ഏഴ് വര്‍ഷം തികയുമ്പോഴാണ് കോടതി വിധി വന്നിരിക്കുന്നത്. ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറില്‍ വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന്‍ ഒന്നാംപ്രതി. കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി.സാബു, സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമായിരുന്നെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി. പാര്‍ട്ടിതലത്തില്‍ അന്വേഷണവും ഉണ്ടായില്ല. 2016 ഏപ്രില്‍ 28 നാണ് കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയാണ് സ്മാരകം തകര്‍ത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ക്രിമിനല്‍ ഗൂഢാലോചനയടക്കം വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തരെ വിഎസ് അച്യുതാനന്ദന്‍ പിന്തുണച്ചപ്പോള്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശക്തമായി എതിര്‍ത്തിരുന്നു.

shortlink

Post Your Comments


Back to top button