തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ആറു മാസം തികയുന്നു. ജനുവരി മുപ്പതിനാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി. പിന്നീട് ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് ഏറെ ആശങ്ക പടര്‍ത്തി മാര്‍ച്ചില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളിലൂടെ രോഗം സംസ്ഥാനത്ത് വീണ്ടും വന്നു. കൂടാതെ വിദേശത്തു നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതലായി ബാധിച്ചു. മാര്‍ച്ച് 28 നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് മരണം.
കോവിഡ് ഭീതി ആറ് മാസം പിന്നിടുമ്പോള്‍ കേരളത്തില്‍ ഇന്നലെ 903 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 68 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം കേരളത്തില്‍ കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നുവെന്ന പരാതികള്‍ ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. .ഐസിഎംആര്‍ മാര്‍ഗരേഖ അനുസരിച് കോവിഡ് മരണമായി രേഖപ്പെടുത്തേണ്ട എല്ലാ കേസുകളും കണക്കില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പ്രതിദിനം കേരളം ഇപ്പോള്‍ ഇരുപത്തിരണ്ടായിരത്തിലേറെ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Post Your Comments