
എറണാകുളം: സഞ്ചാര പ്രേമിയായിരുന്ന വായനക്കാരുടെ പ്രിയപ്പെട്ട ലൂയി പാപ്പ എന്നറിയപ്പെടുന്ന കവി ലൂയിസ് പീറ്റര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ക്ഷയരോഗ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു.
1986ലാണ് ആദ്യ കവിത എഴുതിയത്. പിന്നീട് ഇരുപത് വര്‍ഷത്തെ നീണ്ട ഇടവേള. ഇതിന് ശേഷമാണ് വീണ്ടും കവിതയുമായി രംഗത്തെത്തിയതും, സാഹിത്യ, സാംസ്‌കാരികക്കൂട്ടായ്മകളിലും കേരളത്തിലെ ചലച്ചിത്രോത്സവങ്ങളിലും സജീവമായതും. പിന്നീട് അദ്ദേഹത്തിന്റെ കവിതകളെല്ലാം ചേര്‍ത്ത് ‘ലൂയിസ് പീറ്ററിന്റെ കവിതകള്‍’ എന്ന പുസ്തകം തൃശ്ശൂരിലെ 3000 ബിസി സ്‌ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കി. 67 കവിതകളാണ് ഇതില്‍ സമാഹരിക്കപ്പെട്ടത്.
മുന്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലി രാജിവച്ച് പിന്നീട് മുഴുവന്‍ സമയസാഹിത്യകാരനായി. കൂട്ടായ്മകളിലൂടെയും സൗഹൃദങ്ങളിലൂടെയും ജീവിച്ചു. ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളെ തൂലികയിലേക്ക് ആവാഹിച്ചിരുന്ന കവിയായിരുന്നു ലൂയി പാപ്പ. വിശുദ്ധര്‍ക്ക് പഞ്ഞമില്ലാത്ത ഇടങ്ങളില്‍ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിക്കുന്ന കവി എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഭാര്യ: ഡോളി, മക്കള്‍: ദിലീപ്, ദീപു.
Post Your Comments