സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തുമെങ്കിലും നടന്‍ സോനു സൂദ് തങ്ങള്‍ക്ക് ഹീറോ ആണെന്ന് പറയുകയാണ് കര്‍ഷകനായ നാഗേശ്വര റാവു. കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന ഈ കര്‍ഷകന്റെ വിഡിയോ കണ്ടാണ് സോനു സഹായവുമായി എത്തിയത്. സോനു സൂദ് തങ്ങള്‍ക്ക് ദൈവത്തേക്കാള്‍ ഒട്ടും താഴെയല്ലെന്നാണ് നാഗേശ്വര റാവുവിന്റെ വാക്കുകള്‍.
‘ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താന്‍ താരം സഹായിച്ച വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ ആദ്ദേഹം ഒരു യഥാര്‍ത്ഥ ഹീറോ ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ ഞങ്ങളും അത് അനുഭവിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് ദൈവത്തേക്കാള്‍ ഒട്ടും താഴെയല്ല”, നാഗേശ്വര റാവു പറഞ്ഞു.
കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പണം ഇല്ലാത്തതിനാല്‍ അതിന് കഴിയാത്ത സാഹചര്യമായിരുന്നു തങ്ങള്‍ക്കെന്ന് പറയുകയാണ് നാഗേശ്വര റാവുവിന്റെ മകള്‍ വെണ്ണേല. “ഞങ്ങളുടെ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സോനു സൂദ് ജി ഞങ്ങള്‍ക്ക് സഹായവുമായി എത്തിയത്. ഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ അദ്ദേഹത്തിന് നന്ദി പറയുന്നു”, മകള്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ഗ്രാമത്തിലെ കര്‍ഷകനാണ് നാഗേശ്വര റാവു. മക്കളെ ഉപയോഗിച്ച് നിലം ഉഴുന്നതിന്റെ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് സോനു രംഗത്തെത്തുകയായിരുന്നു. “ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും” വിഡിയോ പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെയാണ്.
Post Your Comments