ബെംഗളൂരു : ബെംഗളൂരുവിൽ കൊവിഡ് സ്ഥിരീകരിച്ച 3338 രോഗികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കോവിഡ് പരിശോധനയ്ക്ക് ഇനി മുതൽ സർക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. ഇവരെ കണ്ടെത്താനുളള നടപടികൾ ഊർജ്ജിതമാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വലിയ രീതിയിലുളള വർദ്ധനവാണ് ഇവിടെയുണ്ടായത്. 14 ദിവസം കൊണ്ട് 16000 പേരിൽ നിന്ന് കൊവിഡ് രോഗികളുടെ എണ്ണം 27000 ആയി ഉയർന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും ബെംഗളൂരുവിൽ നിന്നാണ്. കൊവിഡ് പരിശോധനയ്ക്കെത്തിയവരിൽ ചിലർ തെറ്റായ ഫോൺനമ്പരും മേൽവിലാസവുമാണ് നൽകിയിരുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരെ കണ്ടെത്താൻ സാധിക്കാതെയായെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഇവര കണ്ടെത്താനാകാത്തത് മൂലം ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ടൊയെന്നു പോലും അധികൃതർക്ക് വ്യക്തമല്ല. ഇനി മുതൽ കൊവിഡ് പരിശോധന നടത്തുമ്പോൾ സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും അതിലെ മൊബെെൽ നമ്പർ പരിശോധിക്കുകയും ചെയുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.
അതേസമയം കർണാടകയിലെ കൊവിഡ് രോഗികളുടെ എണ്ണം തൊണ്ണൂറായിരം കടന്നു. ഇന്ന് മാത്രം 5072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 72 പേർ മരണപ്പെടുകയും ചെയ്തു.
Post Your Comments