ന്യൂഡല്‍ഹി: ഈമാസം അവസാനത്തോടെ ഇന്ത്യയിലെത്തുന്ന റാഫേല്‍ യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഹാമര്‍ മിസൈലുകളും വാങ്ങാനൊരുങ്ങി ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ആയുധങ്ങള്‍ വാങ്ങാന്‍ സേനകള്‍ക്ക് നല്‍കിയ അധികാരം ഉപയോഗിച്ചാണിത്. ആകാശത്ത് നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ഹാമര്‍ മിസൈലുകളുടെ പ്രഹര പരിധി 60-70 കിലോമീറ്ററാണ്. അടിയന്തര പ്രാധാന്യത്തോടെ മിസൈലുകള്‍ കൈമാറാമെന്ന് ഫ്രാന്‍സ് സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യയിലെത്തുന്ന റാഫേല്‍ വിമാനത്തില്‍ മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലും ആകാശത്ത് നിന്നു കരയിലെ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈലുകളും ഘടിപ്പിക്കുന്നുണ്ട്. ഹൈലി അജൈല്‍ മോഡുലാര്‍ മുണീഷന്‍ എക്‌സ്‌റ്റഡന്‍ഡ് റേഞ്ച് എന്നതിന്റെ ചുരുക്കപ്പേരായ ഹാമര്‍ ഫ്രഞ്ച് വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും വേണ്ടി നിര്‍മ്മിച്ചതാണ്. പ്രഹരശേഷി കൂടുതലായതിനാല്‍ ഹാമര്‍ പതിച്ചാല്‍ ശത്രുക്കളുടെ ബങ്കറുകള്‍ അടക്കം കട്ടിയുള്ള വസ്‌തുക്കള്‍ പോലും തവിടു പൊടിയാകും.
ഈമാസം ഒടുവിലെത്തുന്ന അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളുടെ നമ്പരിന് ഒരു പ്രത്യേകതയുണ്ട്. ആര്‍ബി സീരീസിലാണ് നമ്പരുണ്ടാകുക. വ്യോമസേനാ ഉപമേധാവിയായിരിക്കെ 36 റാഫേല്‍ വിമാനങ്ങളുടെ ഇടപാട് യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഇപ്പോഴത്തെ വ്യോമസേനാമേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയയ്‌ക്കുള്ള അംഗീകാരമാണിത്. ഫ്രാന്‍സിലും ഇന്ത്യയിലുമായി നടന്ന ഉന്നതതല ചര്‍ച്ചകളില്‍ അദ്ദേഹമുണ്ടായിരുന്നു.
Post Your Comments