ബീജിംഗ്: ചൈനീസ് ഭരണകൂടത്തിന്റെ വിചിത്രവും ക്രൂരവുമായ ഉത്തരവിൽ ക്രിസ്തീയ വിശ്വാസികൾ അങ്കലാപ്പിൽ. തങ്ങളുടെ വിശ്വാസമായ കുരിശുകളും യേശുവിന്റെ ചിത്രങ്ങളും മറ്റും ഉപേക്ഷിച്ച് അവിടെ കമ്യുണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ മാറ്റിസ്ഥാപിക്കാൻ ചൈനീസ് അധികാരികൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളികളിലെ യേശുവിന്റെ ചിത്രങ്ങൾക്ക് പകരം കമ്യുണിസ്റ്റ് പാർട്ടി ചെയർമാൻ മാവോയുടെയും പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെയും ഛായാചിത്രങ്ങൾ വെച്ചില്ലെങ്കിൽ ഇവർക്കുള്ള ക്ഷേമ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നാണ് ഭീഷണി.
രാജ്യത്ത് മതത്തിന്റെ ആവിർഭാവത്തെ അടിച്ചമർത്താൻ ചൈനീസ് ഉദ്യോഗസ്ഥർ സംയോജിത ശ്രമം നടത്തിവരികയാണെന്ന് ഡെയ്‌ലി മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്നെന്നാണ് ആരോപണം. ചൈനീസ് ഉദ്യോഗസ്ഥർ അടുത്തിടെ അൻഹുയി, ജിയാങ്‌സു, ഹെബെയ്, സെജിയാങ് എന്നിവയുൾപ്പെടെ ഒന്നിലധികം പ്രവിശ്യകളിലെ പള്ളികളിൽ മതചിഹ്നങ്ങൾ ബലപ്രയോഗത്തിലൂടെ തകർത്തു.
സ്വതന്ത്ര ഔട്ട്‌ലെറ്റ് ബിറ്റർ വിന്റർ ഉദ്ധരിച്ച് ഡെയ്‌ലി മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, മതപരമായ ചിത്രങ്ങൾ എടുത്തുമാറ്റാനും പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ നൽകാനും ക്രിസ്ത്യൻ നിവാസികളോട് ഷാങ്‌സി പ്രവിശ്യയിലെ അധികാരികൾ ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. അതേസമയം സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
തന്റെ നഗരത്തിലെ ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാൻ ചൈനീസ് അധികാരികൾ വഞ്ചനാപൂർവ്വം നീങ്ങിയതായി ഷാങ്‌സി പ്രവിശ്യയിലെ ലിൻഫെൻ എന്ന പട്ടണത്തിൽ നിന്നുള്ള ഒരു പ്രാദേശിക പാസ്റ്റർ ഉദ്ധരിച്ചു. ക്രിസ്ത്യാനിറ്റിയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും നീക്കംചെയ്യാൻ ആവശ്യപ്പെട്ടു. മാവോ സെദോങ്ങിന്റെയും മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ചിത്രങ്ങൾ വെക്കുകയും ചെയ്തുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു .
Post Your Comments