മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും. മുംബൈ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറോളം കുട്ടികളില്‍ 18 പേര്‍ക്കാണ് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത്. ഇത് ആശുപത്രി അധികൃതരെ ആശങ്കയിലാക്കുകയാണ്. ഈ രോഗത്തിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് കാവസാക്കി ലക്ഷണം കണ്ടിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ മാസമാണ് സമാനമായ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ പിഎംഐഎസ് ബാധിച്ച് രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. ഇതില്‍ ഒരാള്‍ക്കു കോവിഡും കാന്‍സറും ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണു വാഡിയ ആശുപത്രിയിലെത്തിച്ചതെന്നും ആറു മണിക്കൂറിനുള്ളില്‍ മരിച്ചുവെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശകുന്തള പ്രഭു പറഞ്ഞു.
ചര്‍മത്തില്‍ തിണര്‍പ്പോട് കൂടിയ കടുത്ത പനിയാണ് കാവസാക്കിയുടെ പ്രധാന രോഗലക്ഷണം. കണ്ണുകളില്‍ ചുവപ്പും തളര്‍ച്ചയും വയറിളക്കവും ഉണ്ടാകും. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. പീഡിയാട്രിക് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം (പിഎംഐഎസ്) എന്നതാണ് ഈ രോഗവാസ്ഥ.
പിഎംഐഎസ് ബാധിക്കുന്ന കുട്ടികള്‍ക്കു കടുത്ത വയറുവേദന, വയറിളക്കം എന്നിവയോടെ മുന്നു നാലു ദിവസം പനി ഉണ്ടാകുമെന്ന് ഡോ. അമിഷ് വോറ പറഞ്ഞു. മുഴുവന്‍ രോഗികള്‍ക്കും പനിയുണ്ടാകും. 80% പേര്‍ക്ക് വയറിളക്കം, ഛര്‍ദി എന്നിവയും 60% കുട്ടികള്‍ക്കു കണ്ണില്‍ ചുവപ്പ്, വായില്‍ പൊള്ളല്‍, ത്വക്കില്‍ തിണര്‍പ്പ് എന്നിവ അനുഭവപ്പെടുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Post Your Comments