
കല , കൗൺസലിംഗ് സൈക്കോളജിസ്റ്റ്
സങ്കടം കൊണ്ടു വിങ്ങി പൊട്ടിയ മുഖത്തോടെ ആ പെൺകുട്ടി ഇങ്ങനെ പറഞ്ഞു തുടങ്ങി..
കോളേജിൽ നിന്നും അവധിക്കു നാട്ടിൽ എത്തിക്കൊണ്ടിരിക്കുമ്പോ ആണ് അമ്മയുടെ ഫോൺ വരുന്നത്..
അച്ഛൻ വിളിക്കാൻ വന്നിട്ടുണ്ട്, മോൾ സൂക്ഷിക്കണം, കാറിന്റെ വാതിൽ തുറന്നിട്ടേക്കു..
നിലവിളിച്ചു കൊണ്ടാണ് അമ്മ സംസാരിക്കുന്നത്..
പിന്നെയും എന്തൊക്കെയോ പറയുന്നു..
അച്ഛനെ പറ്റി ഒരുപാട് കാര്യങ്ങൾ…
ഒരു മോളും കേൾക്കാൻ ആഗ്രഹിക്കാത്ത വസ്തുതകൾ..
അതും പാവം അച്ഛനെ കുറിച്ച്.. !
എത്രയോ നാളുകളായി തുടങ്ങിയ പ്രശ്നങ്ങൾ..
തീരെ ചെറുപ്പത്തിൽ, ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിട്ടുണ്ട്..
അമ്മയുടെയും അച്ഛന്റെയും വഴക്കിന്റെ ഒച്ച കേട്ടിട്ട്…
ഭിത്തിയോട് ചേർന്നിരുന്നു അവരെ നോക്കി നേരം വെളുപ്പിക്കും..
ഈ ഇടയായിട്ടാണ് അമ്മ അച്ഛനെ കുറിച്ച്, ഇത്രയും മോശമായി സംസാരിക്കുന്നത്..
അതും തന്നോട്, അച്ഛൻ മോശമായി പെരുമാറും എന്നൊക്കെ..
യാത്രയിൽ ഉടനീളം ഞാൻ കരഞ്ഞു..
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ എന്നെ ചേര്ത്ത് പിടിച്ചു..
അവനെന്റെ ജീവിതത്തിൽ എത്തിയിട്ട്, മൂന്ന് വർഷമായി..
പൊതുവെ എനിക്ക് ആളുകളെ നമ്പാൻ പാടാണ്.. മറ്റൊരാളെ ഉൾകൊള്ളാൻ സമയമെടുക്കും..
പക്ഷെ, എന്റെ കൂട്ടുകാരനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്..
വിവാഹം എന്ന ഉപാധി ഇല്ലാതെ, ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടം..
അവനെന്റെ കൂടെ വേണമെന്നില്ല..
ഈ തരുന്നത് എന്തോ, അത്രയും മതി..
ഒന്നിനും അല്ലാതെ ഒരാളെ സ്നേഹിക്കുന്ന നിമിഷങ്ങൾ..
അതിന്റെ തീവ്രത വാക്കുകൾക്ക് അതീതമാണ്..
ആ ഇടത്ത് നിന്നും കിട്ടുന്ന ചെറിയ തലോടൽ എത്ര വലിയ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ പോന്നതാകും..
എന്തിനാണ് പിന്നെ ഒരുപാട് ബന്ധങ്ങളും സുഹൃത്തുക്കളും..
ഈ ഒരാൾ പോരേ?
മതി എന്നു തത്കാലം ഉത്തരം..
അവളിൽ ദാമ്പത്യം എന്നത് ഒരു പേടി സ്വപ്നം ആണ്.. അതു മാറാനുള്ള സമയം കൊടുത്തേ തീരു..
അമ്മയുടെ സ്വഭാവം ഒരുപാട് പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോൾ മാത്രമാണ് അച്ഛന്റെ രോഗം മാറ്റാൻ എന്ന പേരിൽ ഒരു മനഃശാത്രജ്ഞനെ കാണിച്ചത്…
എന്നെ ഒരു ദിവസം മുഴുവൻ അമ്മ മുറിയിൽ പൂട്ടി ഇട്ടു..
അച്ഛൻ നിന്നെ ബലാത്സംഗം ചെയ്യാൻ വരുന്നു എന്നു ഇടയ്ക്ക് ജനാല തുറന്നു പറയും..
കരഞ്ഞു കൊണ്ടു, വീടിന് ചുറ്റും ഓടി നടന്നു..
ആ ദിവസം വരെ അമ്മയെ എന്ത് കൊണ്ടു ഡോക്ടർ നെ കാണിച്ചില്ല എന്ന് ഞാൻ ഇപ്പോൾ ആലോചിക്കാറുണ്ട്..
വിറ്റാമിൻ ഗുളിക എന്ന പേരിൽ അമ്മയ്ക്കു ഗുളിക കൊടുത്തു. ഞാൻ ആണ് കൂടെ നിന്നത്..
ആരെയും വിശ്വാസമില്ലാത്ത അമ്മ എന്നെ മാത്രമേ വിശ്വസിക്കുന്നുള്ളു..
ഞാൻ എടുത്തു കൊടുത്താൽ ഗുളിക കഴിക്കും..
പറയുന്ന കാര്യങ്ങൾ കേൾക്കും..
ഒരുപാട് അംഗങ്ങൾ ഉള്ള കുടുംബത്തിൽ, ഞാൻ ഇപ്പൊ വലിയ ഒരു കാരണവരുടെ റോളിൽ ആണ്..
എന്തിനും ഏതിനും എന്നെ ആശ്രയിക്കുന്ന ആളുകൾ എന്നിൽ വല്ലാതെ ഭയമുണ്ടാക്കുന്നു..
എന്നിൽ ഇനിയും ഉണ്ടാകേണ്ട പക്വതയെ കുറിച്ച് വിശദമായി കാഴ്ചപ്പാടുകൾ ഉണ്ടാക്കാൻ മത്സരിക്കുന്നു..
ഞാൻ അവരോടു മനസ്സ് കൊണ്ടു മതി, ഇനിയും അടുത്ത് വരരുത് എന്നു വിലക്കുന്നത് അവർ അറിയുന്നില്ല..
എന്റെ പത്തോന്പതു വയസ്സിൽ ഞാൻ കണ്ട ജീവിതം,
വേറിട്ടതാണ് എന്നത് കൊണ്ടു സമപ്രായക്കാരുമായി ഒത്തുപോകാനും വയ്യ..
അവരിൽ കാണുന്ന അപരിചിതത്വം നിരാശപെടുത്തുമ്പോൾ ഞാൻ കൂട്ടത്തിൽ ഒറ്റപ്പെടുന്നു..
മുതിർന്നവരുടെ ഇടയിലും വയ്യ..
ആ കഴിഞ്ഞു പോയ ദിനം..
എന്നെ മുറിയിൽ പൂട്ടിയിട്ട അമ്മ അന്ന് അനുഭവിച്ച അവസ്ഥ..
ഞാൻ നേരിട്ട നിസ്സഹായത..
ഞെട്ടൽ..
അതൊക്കെ എന്നെ മറ്റൊരാൾ ആക്കി..
സമയത്ത് അമ്മയ്ക്ക് ചികിത്സ നല്കിയിരുന്നുവെങ്കിൽ….
ഇതേ പോലെ പലരുണ്ട് സമൂഹത്തിൽ…
കണ്ടാലൊരു കുഴപ്പോം ഇല്ല.. ജോലി ചെയ്യുന്നുണ്ട്, കുടുംബം നോക്കുന്നുണ്ട്.
എന്നാൽ അടിസ്ഥാനമില്ലാത്ത ചില തെളിവില്ലാത്ത മനസ്സിൽ കടന്നു കൂടിയ വിശ്വാസങ്ങളെ ആണ് delusions എന്ന് പറയുന്നത്..
പങ്കാളിക്ക് മറ്റാരോ ആയി അവിഹിത ബന്ധമുണ്ടെന്ന് വിശ്വസിക്കുക, അതിനെ നിരീക്ഷണം നടത്താൻ ആളിനെ വരെ നിയോഗിക്കും..
അതേ പോലെ തനിക്കെന്തോ മാരക
രോഗമുണ്ടെന്ന വിശ്വാസം..
എത്ര ഡോക്ടർമാർ ഒന്നുമില്ല എന്ന് പറഞ്ഞാലും അതു വിശ്വസിക്കാതെ ഉണ്ടെന്ന് തന്നെ ചിന്തിച്ചു കൊണ്ടേ ഇരിക്കും..
അതല്ല എങ്കിൽ തനിക്ക് അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അതിനെ കുറിച്ച് പറയുന്ന ചിലരെ കാണാറുണ്ട്..
ചികിത്സ എടുക്കാൻ അഞ്ചും പത്തും വര്ഷമെടുത്തവരെ അറിയാം..
വൈകുംതോറും തലച്ചോറ് ആ രീതിയിൽ മാറ്റപെടുക ആണ്..
ആന്റി സൈക്കോട്ടിക് മരുന്നുകൾ ആണ് ഇതിന് എടുക്കേണ്ടത്..
തുടക്കത്തിൽ മരുന്നുകൾ എടുത്താൽ ഭേദമാക്കാവുന്ന അവസ്ഥയെ വഷളാകുന്ന ഇങ്ങനെ എത്രയോ ജീവിതങ്ങൾ…
Post Your Comments