തിരുവനന്തപുരം : തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്തോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക.
മണക്കാട് സ്വദേശിയായ നാൽപ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകൻ കോട്ടൺഹിൽ സ്കൂളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശുപത്രിയിലെത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്. പക്ഷെ സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.
പൊഴിയൂരിൽ നടത്തിയ റാൻഡം പരിശോധനയിലാണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി. നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
Post Your Comments