അനുജിത്ത് എന്ന 27 വയസുകാരൻ വാഹനാപകടത്തെ തുടര്‍ന്ന് വിടപറയുമ്പോള്‍ മരണാനന്തരവും എട്ടു പേര്‍ക്കുകൂടി രക്ഷകനാവുകയാണ്. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം ഒടുവിൽ സ്ഥിരീകരിച്ചു.
അനുജിത്ത് എന്ന ഈ കൊട്ടാരക്കര സ്വദേശിയെ പ്രിയമുള്ളോരൊക്കെയും ഓർക്കുന്നത് നന്മ നിറഞ്ഞ മനസ്സിനുടമ എന്നുതന്നെയാണ് .അനേകം പേരുടെ ജീവന്‍ രക്ഷിച്ച ഒരു സംഭവകഥയുമുണ്ട് അവർക്കൊക്കെയും അനുജിത്തിനെ കുറിച്ച് പറയാൻ . പത്തുവർഷങ്ങൾക്കു പുറകിൽ റെയിൽവേ പാളത്തിലെ വിള്ളൽ കണ്ട് നൂറു കണക്ക് മനുഷ്യരെ രക്ഷിക്കാൻ കിലോമീറ്ററുകളോളം ഓടി തന്റെ മനുഷ്യസ്നേഹം വിളിച്ചു പറഞ്ഞ അനുജിത്തിനെ ആർക്കാണ് മറക്കാൻ സാധിക്കുക ?
പക്ഷെ ഇന്ന് വിധി അനുജിത്തിനെ തോൽപിച്ചു ജീവിതമാകുന്ന ട്രാക്കിൽ അധിക ദൂരം മുന്നോട്ട് പോകാൻ സാധിക്കാതെ ….
നെജിത ക്ലമന്റ്
Post Your Comments