ഭോപ്പാൽ : വിവാഹത്തിന് വിസമ്മതിച്ച വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ദിണ്ടോരി ജില്ലയിലെ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹേമന്ത്ര ബാർവെ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ‘ബർവെ കുറച്ചു നാളുകളായി വിവാഹ അഭ്യർഥന നടത്താറുണ്ടെന്നാണ് പരാതിക്കാരിയായ വനിതാ കോൺസ്റ്റബിൾ പറയുന്നത്. ‘വെള്ളിയാഴ്ച വൈകിട്ടോടെ ഇവരുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ വീണ്ടും വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ ഇത് വിസമ്മതിച്ചപ്പോൾ കടന്നുപിടിക്കുകയും മർദ്ദിക്കുകയും ചെയ്തതായി വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസുകാരിയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ ബർവെയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ഇയാൾക്കെതിരെ ഐപിസി 294, 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കുന്നതിനെതിരായ നിയമം) 354 (സ്ത്രീകളെ അക്രമിക്കുക അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 452 (അതിക്രമം), 506 (കുറ്റകരമായി ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ജി ജനാർദ്ദൻ പറഞ്ഞു.
Post Your Comments