COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടയില്‍ 32,695 പുതിയ കേസുകള്‍

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 32,695 പേര്‍ക്ക്. 606 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി 9.68 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 6.12 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3.31 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇതുവരെ 24,915 പേരാണ് മരിച്ചത്. രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. ഡൽഹിയിൽ രോ​ഗവ്യാപനത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. അതേസമയം കേരളവും കർണാടകയും തമിഴ്നാടും അടക്കമുളള സ്ഥലങ്ങളിൽ രോ​ഗികളുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. മഹാരാഷ്​ട്രയിൽ ഇതുവരെ 2,75,640 പേർക്ക്​ കോവിഡ്​ ബാധിച്ചു. 10,928 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​.ഇന്നലെ മാത്രം  7,975 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ തന്നെയാണ് ഇന്നലെയും ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ഇന്നലെ 1,390 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 62 പേർ മരിക്കുകയും ചെയ്തു. 96,253 പേർക്കാണ് മുംബൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ ഇന്നലെ 4,496 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 68 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 1.51 ലക്ഷമായി. ആകെ മരണം 2167. ഇതുവരെ 1. 02 ലക്ഷം പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. കർണാടകയിൽ ഇന്നലെ 3,176 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47,253 ആയി. 87 പേർ മരിച്ചതോടെ ആകെ മരണം 928 ആയി. കർണാടകയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 1,975 പേർ ബം​ഗ്ളൂരുവിൽ നിന്നുളളവരാണ്.

അതേസമയം ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,647 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യ തലസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.16 ലക്ഷമായി. ഇതിൽ 95,699 പേരും രോഗമുക്തി നേടി. നിലവിൽ 17,807 പേർ മാത്രമാണ് ഡൽഹിയിൽ ചികിത്സയിലുളളത്. രോഗമുക്തി നിരക്ക് 81.79% ആയി വർധിച്ചെന്നും ഡൽഹി സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button