വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തിങ്കളാഴ്ച വീണ്ടും സ്ഫോടനം. രാത്രി നടന്ന വന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശ വാസികൾ പരിഭ്രാന്തിയിലാണ്. ഈ പ്രദേശത്തെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റൈറൈന്‍ വാതകം ചോര്‍ന്നതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം.
രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്ബനിയിലെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വലിയ രീതിയില്‍ മരുന്ന് നിര്‍മാണ വസ്തുക്കള്‍ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.
ഒരാള്‍ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. വന്‍തോതില്‍ തീ ആളിപ്പടരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താന്‍ പ്രയാസമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു.
കോവിഡ് കാലത്ത് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. മെയ് 7-ന് വിശാഖപട്ടണത്തെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് മരിച്ചത് 12 പേരാണ്. ലോക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായി വിശാഖപട്ടണത്തെ വ്യാപാര മേഖലയില്‍ വ്യവസായശാലകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.
Post Your Comments