തിരുവനന്തപുരം • പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമായ മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി (എം.വി.ഐ.പി.) യുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച (ജൂലൈ 10 ന്) വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങില്‍ സംബന്ധിക്കും.
മലങ്കര ഡാമിന് സമീപം എന്‍ട്രന്‍സ് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനാവും. ഡീന്‍ കുര്യാക്കോസ്എം.പി, തോമസ് ചാഴികാടന്‍, എം.പി, എം.എല്‍.എ. മാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്‍, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്ബ്, കെ.സുരേഷ് കുറുപ്പ്, ഇടുക്കി , കോട്ടയം, എറണാകുളം ജില്ലാകലക്ടര്‍മാരായ എച്ച്.ദിനേശന്‍, എം. അഞ്ജന, എസ്.സുഹാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചുത്രേസ്യാ പൗലോസ്, ഡോളി കുര്യാക്കോസ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ചീഫ് എഞ്ചിനീയര്‍ ഡി. ബിജു എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംസാരിക്കും. കേരള ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ.ദിനേശ് അറോറ സ്വഗതം പറയും. ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കേരളത്തിലെ മുഖ്യ ജലവൈദ്യുത നിലയമായ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉത്പാദന ശേഷം പാഴായിപ്പോകുന്ന ജലവും മറ്റ് സ്രോതസ്സുകളില്‍ നിന്നുളള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കര്‍ഷക സമൂഹത്തിന് പ്രദാനം ചെയ്യുവാനാണ് എം.വി.ഐ.പി എന്ന പദ്ധതി 1974 ല്‍ വിഭാവനം ചെയ്തത്. ഇതിനായി മൂലമറ്റം പവര്‍ഹൗസില്‍ നിന്നും 16.കി.മീ. മാറി തൊടുപുഴ ആറിന് കുറുകെ മലങ്കരയില്‍ ഒരു അണക്കെട്ടും, 71 കി.മീ. കനാല്‍ ശൃംഖലയും ഉള്‍പ്പെടുത്തി, 20.86 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. ഇതേ വര്‍ഷം തന്നെ സര്‍വ്വെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
1983 ല്‍ പദ്ധതിക്ക് 48.08 കോടി രൂപ അടങ്കല്‍ തുകയ്ക്ക് പ്ലാനിംഗ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. എന്നാല്‍ പില്‍കാലത്ത് കോട്ടയം ജില്ലകൂടി ഉള്‍പ്പെടുത്തി 323 കി.മീ. കനാല്‍ ശൃംഖലയും, 2 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകളും ഉള്‍പ്പെടെ പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് 18173 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാക്കുകയും വിള വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ 35,619 ഹെക്ടര്‍ വിളവ് സാധ്യമാക്കുകയും ചെയ്തു.
കേരളത്തിലെ പ്രധാന ജലസേചന പദ്ധതികളില്‍ ഒന്നായ എം.വി.ഐ.പി. യ്ക്ക് 2000 -2001 വര്‍ഷത്തില്‍ കേന്ദ്ര സഹായം ലഭിച്ചു തുടങ്ങി. പിന്നീട് 2017ല്‍ പദ്ധതിക്ക് 945 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 1082 കോടി രൂപ ചെലവായിട്ടുണ്ട്. ജലസേചനം, കുടിവെളളം, വ്യവസായം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്ന ഈ പദ്ധതിക്കാവശ്യമായ ജലം ലഭ്യമാക്കുന്നത് ഇടുക്കി ജില്ലയിലെ മലങ്കരയില്‍ നിര്‍മ്മിച്ചിട്ടുളള എര്‍ത്തേണ്‍ കം മേസണ്‍റി ഡാമില്‍ നിന്നാണ്. ഇതിന്റെ ആകെ നീളം 460 മീറ്ററും, ഉയരം 23 മീറ്ററുമാണ്. ആറ് സ്പില്‍വേ ഗേറ്റുകളുളള ഈ ഡാമിന്റെ സംഭരണശേഷി 37 മില്യണ്‍ ക്യുബിക് മീറ്ററാണ്.
28.337 കി.മീ നീളമുളള വലതുകര പ്രധാന കനാലും, 37.10 കി.മീ. നീളമുളള ഇടതുകര പ്രധാന കനാലും ഉള്‍പ്പെടെ ആകെ 323 കി.മീ. കനാല്‍ ശൃംഖലയാണ് ഈ പദ്ധതിക്കുളളത്. ഇതുകൂടാതെ പ്രത്യേക നിര്‍മ്മിതികളായ 101 അക്വഡക്റ്റുകളും, 5 ടണലുകളും , 2 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകളും, 25 സൈഫണുകളും, ഒരു പ്രഷര്‍ അക്ഡക്റ്റും, 2 റെയില്‍വെ ക്രോസിംഗുകളും ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളാണ്. ഇതിനുപുറമേ പദ്ധതിയുടെ നേരിട്ടുളള പ്രയോജനം ലഭിക്കാത്ത മേഖലകളില്‍ മൈക്രോ ഇറിഗേഷന്‍ ഉള്‍പ്പെടെയുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കമാന്റ് ഏരിയ ഡവലപ്പ്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുകയാണ്. കാഡ പദ്ധതികളുടെ നടത്തിപ്പിനായ് ഇതുവരെ 114 വാട്ടര്‍ യൂസേഴ്സ് അസ്സോസ്സിയേഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്.
2019-20 സാമ്പത്തിക വര്‍ഷം 9.71കോടി രൂപയുടെ 64 കാഡ പ്രവൃത്തികളാണ് ആവിഷ്‌ക്കരിച്ചിട്ടുളളത്. ഇതില്‍ 56 പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പി.എം.കെ.എസ്.വൈ. സ്‌കീമില്‍ ഉള്‍പ്പെടുത്തി കാഡ പ്രവൃത്തികള്‍ക്കുളള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായ 2.69 കോടി രൂപ മെയ് 02ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാനവും വഹിക്കേണ്ടതാണ്.
കാര്‍ഷികസമൃദ്ധിക്കും കുടിവെളള ലഭ്യതക്കും പ്രഥമ പരിഗണന നല്‍കുന്ന ഈ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ 18173 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്തുവാനായി സാധിക്കും. പദ്ധതിയുടെ ഹെഡ് വര്‍ക്കായ മലങ്കര ഡാമിന്റെയും, മെയിന്‍ ബ്രാഞ്ച് കനാലുകളുടെയും നിര്‍മ്മാണം 100 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉപകനാലുകള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കിയുളള ഉപകനാലുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ 2020 21 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൂര്‍ത്തീകരിച്ച എല്ലാ കനാലുകളും ജലവിതരണം നടത്താന്‍ സജ്ജമാണ്. ഇതുവഴി ഇരുപ്പു കൃഷിയും, ഇടവിളകളും ഉള്‍പ്പെടെ വിളവൈവിദ്ധ്യവത്ക്കരണത്തിലുടെ വിളവെടുപ്പ് സാധ്യമാക്കുകയും, വിരിപ്പു കൃഷിയുടെ വിളവില്‍ 77 ശതമാനത്തോളം വര്‍ദ്ധനവ് കാണപ്പെടുന്നു. കൂടാതെ 6.75 ലക്ഷം ജനങ്ങള്‍ക്ക് കുടിവെളള സൗകര്യം ഒരുക്കുവാനും സാധിച്ചിട്ടുണ്ട്.
ജലസേചനം കൂടാതെ പദ്ധതി പ്രദേശത്ത് കുടിവെളളത്തിനാവശ്യമായ 65 കുസെക്സ് ജലം കേരളവാട്ടര്‍ അതോറിറ്റിക്കും, ജി.സി.ഡി.എയ്ക്കും നല്‍കുവാനും, വ്യവസായികാവശ്യത്തിനായി 700 കുസെക്സ്, കൊച്ചി റിഫൈനറിക്ക് ലഭ്യമാക്കാനും അധികജലം മലങ്കരയിലെ 10.5 മെഗാവാട്ട് വൈദ്യുതി നിലയത്തിന് നല്‍കുവാനും, കോട്ടയം ജില്ലയിലെ താഴ്ന്ന പാടശേഖരങ്ങളിലെ ഓരുവെളള ഭീഷണി ഒരു പരിധിവരെ തടയുവാനും ഈ പദ്ധതി സാധ്യമാകുന്നു. ഇതോടൊപ്പം പദ്ധതി പ്രദേശത്തെ കുളങ്ങളും തനത് ഉറവകളും റീചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുന്നു.
തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം എന്നീ നിയമസഭാമണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളി്ലും 5 മുനിസിപ്പാലിറ്റികളിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 8.5 കി.മീ. കനാലും വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഏറ്റുമാനൂര്‍ ബ്രാഞ്ച് കനാലിലെ റെയില്‍വേ ക്രോസിംഗിലുളള എഴുതോണിപ്പാടം അക്വഡക്ടും പൂര്‍ത്തിയാക്കി. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെയും ചീഫ് എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സാങ്കേതിക സമിതിയുടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ ഘട്ടങ്ങളിലും ലഭ്യമായിട്ടുണ്ട്.
പ്രധാനമായും നെല്‍ കൃഷിയെ അടിസ്ഥാനമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ നാണ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കിയുളള കൃഷി രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ പഞ്ചായത്തും, കൃഷി വകുപ്പും ജലസേചന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൃഷിയോഗ്യമാക്കി തീര്‍ക്കേണ്ടതാണ്.
മലങ്കര ഡാമിന്റെയും റിസര്‍വോയര്‍ ഭാഗങ്ങളുടെയും ടൂറിസം സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി ഏകദേശം 100 കോടിയോളം രൂപയുടെ പദ്ധതി, ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുന്നതാണ്. അതുപോലെ പദ്ധതി പ്രദേശത്ത് ഏറ്റെടുത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം നടത്തുവാനുളള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും പരിഗണനയിലുണ്ട്.
കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ അല്‍പ ജലവിനിയോഗത്തിലൂടെ കൂടുതല്‍ ഉത്പാദനം എന്ന ആശയം മുന്‍ നിര്‍ത്തി 1900 ഹെക്ടര്‍ സ്ഥലത്ത് മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. കര്‍ഷക സമിതിയും കൃഷി വകുപ്പുമായി സംയോജിച്ച് ഈ പദ്ധതികള്‍ നടപ്പാക്കുന്നതാണ്. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, തെങ്ങ് , വാഴ, കമുക്, ജാതി തുടങ്ങിയ വിളകള്‍ക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ജലസേചന രീതിയാണിത്. ഉദാഹരണമായി പച്ചക്കറികള്‍ക്ക് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ശരാശരി 75ശതമാനം അധികം വിള ലഭിക്കുന്നതിനും ജലവിനിയോഗം ശരാശരി 55ശതമാനം കുറക്കുന്നതിനും സാധിക്കും.
ജലസേചന സൗകര്യം വ്യാപിപ്പിക്കുന്നതിനും കൃഷിയ്ക്കും, ഗാര്‍ഹിക ആവശ്യത്തിനുമുളള ജല ലഭ്യത ഉറപ്പുവരുത്തുവാനും, കേരള സര്‍ക്കാരിന്റെ മുഖ്യ പദ്ധതിയായ ഹരിതകേരളത്തിലെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും, മൈക്രോ ഇറിഗേഷന്‍ പദ്ധതികളും നടപ്പിലാക്കുന്നതു വഴി എം.വി.ഐ.പി കര്‍ഷക ജനതയുടെ ഉന്നമനവും കാര്‍ഷിക സമൃദ്ധിയും ഉറപ്പാക്കുന്നു.
Post Your Comments