KeralaLatest NewsNews

ജനങ്ങളുടെ നിഷ്‌കളങ്കതയെയും അജ്ഞതയെയും പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നു, കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ; ഡോ.ദിവ്യ വി.ഗോപിനാഥ് ഐപിഎസ്

തിരുവനന്തപുരം: കോവിഡ് സൂപ്പര്‍ സ്പ്രെഡ് നടന്നിരിക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങിയതില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ പല കുപ്രചരണങ്ങളും നടന്നതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ.ദിവ്യ വി.ഗോപിനാഥ് ഐപിഎസ്. ജനങ്ങളുടെ നിഷ്‌കളങ്കതയെയും അജ്ഞതയെയും പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

പലര്‍ക്കും കോവിഡ് രോഗത്തെ കുറിച്ചും ആന്റിജന്‍ പരിശോധനയുമായി ബന്ധപ്പെട്ട് അടക്കം ആളുകള്‍ക്കിടയില്‍ അജ്ഞതയുണ്ടെന്നും ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇതെല്ലാം ആളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുത്തു എന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. പൂന്തുറയില്‍ രോഗവ്യാപനം വളരെ രൂക്ഷമാണെന്ന് കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. നല്ല ജാഗ്രതയില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക് അടക്കം കടക്കും. ഇത് കേവലമൊരു ക്രമസമാധാനത്തിന്റെ പ്രശ്നമല്ല. പൊതുജനാരോഗ്യത്തെ സംബന്ധിക്കുന്ന വിഷയമാണ്. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ആന്റിജന്‍ പരിശോധനയ്ക്ക് ശേഷം ആളുകളെ ക്വാറന്റൈനിലേക്ക് മാറ്റുമ്പോള്‍ അവര്‍ക്ക് തന്നെ പല സംശയങ്ങളുമുണ്ട്. ശാരീരികമായി തങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലല്ലോ, പിന്നെ എന്തിനാണ് വേറൊരു സ്ഥലത്ത് കൊണ്ടുപോയി നിരീക്ഷണത്തില്‍ നിര്‍ത്തുന്നത് എന്ന തരത്തിലെല്ലാമാണ് അവരുടെ സംശയമെന്നും എന്നാല്‍ യാതൊരു ലക്ഷണങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാതെയും കോവിഡ് പോസിറ്റീവാകാമെന്ന് പലര്‍ക്കും അറിയില്ലെന്നും ഇത്തരം കാര്യങ്ങളെല്ലാം ബോധവത്കരിക്കുന്നുണ്ടെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.

ജനങ്ങള്‍ക്ക് അവരുടേതായ പല ആവശ്യങ്ങളുമുണ്ട്. അതിനെല്ലാമുള്ള സജ്ജീകരണം ഉണ്ടാക്കണം. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അത് സാധ്യമാക്കും, അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ കുപ്രചരണങ്ങളും നടക്കുന്നു. ഇവരുടെ നിഷ്‌കളങ്കതയെ പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു.

അതേസമയം പ്രതിഷേധക്കാര്‍ പറയുന്നത് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പൂന്തുറയിലെ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ഭയപ്പെടുത്തുകയാണെന്നും സമീപപ്രദേശങ്ങളില്‍ നടക്കുന്ന കോവിഡ് പരിശോധനയുടെ ഫലം പോലും പൂന്തുറയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നുവെന്നുമാണ്. മാത്രവുമല്ല ഇവിടെ നിന്നുള്ള ഒരു ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും ഇവര്‍ ആരോപിക്കുന്നു. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ജനങ്ങളെ ശാന്തരാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button