തിരുവനന്തപുരം • തിരുവനന്തപുരം നഗരത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച രാത്രി കടകള്‍ അടച്ചുപോയതിനു ശേഷം പൊടുന്നനെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് കൂടിയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമല്ല ഇത്. ഈ നടപടിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗം വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അപ്രതീക്ഷിത ലോക്ക്ഡൗണില്‍ ജനം വലഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാവിലെ 7 മുതല്‍ 11 വരെ പഴം, പച്ചക്കറി, പലവ്യഞ്ജന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സാമൂഹ്യ അകലം പാലിക്കണം. അവശ്യസാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങുന്നവര്‍ സത്യവാങ്ങ്മൂലം കരുതണം. വീടിന്/താമസസ്ഥലത്തിന് തൊട്ടടുത്തുള്ള കടയില്‍ പോകാന്‍ മാത്രമാണ് അനുമതി.
Post Your Comments