
കോഴിക്കോട്: ചാലിയം ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ചകളില്‍ കടലില്‍ പോകുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. തൊഴിലാളികള്‍ കൈയ്യാങ്കളി തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. ആറുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചകളില്‍ ചാലിയത്ത് മത്സ്യം വാങ്ങാന്‍ ജില്ലയ്ക്ക് പുറത്തു നിന്നടക്കം നിരവധി പേരെത്താറുണ്ട്.
കൊവിഡ് നിയന്ത്രണം ലംഘിച്ച് മത്സ്യം വാങ്ങാനെത്തുന്നവര്‍ തടിച്ചു കൂടുന്നത് പ്രദേശത്ത് രോഗ ഭീതി പടര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ച മത്സ്യബന്ധനത്തിന് പോകരുതെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ തീരുമാനിച്ചത്. എന്നാല്‍ ചിലര്‍ മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തൈക്കടപ്പുറത്ത് സിദ്ദീഖ്(45), കൈതവളപ്പില്‍ സലിം (30), കെ.വി.ജൈസല്‍ (38), വടക്കകത്ത് അലിമോന് (35), ഷാഫി ചെറിയകത്ത്(48), തൈകടപുറത്ത് സൈതലവി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് പുലര്‍ച്ചെ തന്നെ പൊലീസ് ഹാര്‍ബറില്‍ നിലയുറിപ്പിച്ചിരുന്നു. കടലില്‍ പോകണമെന്ന നിലപാടെടുത്തവര്‍ക്കെതിരെ പ്രതിഷേധവുമായി നൂറ് കണക്കിനു പേരാണ് സംഘടിച്ചത്.തൊഴിലാളികളോട് പിരിഞ്ഞു പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.നിര്‍ദേശം ലംഘിച്ച് കടലില്‍ പോയവരെ തോണിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.
Post Your Comments