Latest NewsNewsPrathikarana Vedhi

പീഡിപ്പിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുന്നുവെന്ന ലേബലില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗുമായി രംഗത്തുവന്ന ഡബ്ല്യൂസിസി എന്ന സംഘടനയ്ക്ക് അകത്തും പുറത്തും ഉണ്ടായിരുന്ന ഒരേയൊരു ലക്ഷ്യത്തെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാര്‍വതി പ്രഭീഷ്

വിധു വിൻസന്റ് എന്ന സിനിമയെ സ്നേഹിക്കുന്ന, സിനിമയെ അന്നമായി കാണുന്ന ഒരുവളുടെ ആ തുറന്നുപറച്ചിലിൽ എല്ലാമുണ്ട്. WCCയെന്ന സംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഉള്ളപ്പോഴും അത് പൊതുവിടത്തിൽ ചർച്ചക്ക് വക്കേണ്ടതില്ലായെന്ന് തീരുമാനിച്ചിരുന്ന ഒരു സ്ത്രീ ആ തീരുമാനം മാറ്റിവയ്ക്കണമെങ്കിൽ അവർക്കെതിരെ പടച്ചുവിടപ്പെട്ട നുണയിടങ്ങൾ എത്രമാത്രം ശക്തവും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എത്രമാത്രം നിന്ദ്യവുമായിരുന്നിരിക്കണം. വിധുവിനെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്നതിന്റെ വെളിച്ചത്തിൽ അവർ തുറന്നുപറഞ്ഞ യാഥാർത്ഥ്യങ്ങൾ വിരൽചൂണ്ടുന്നത് മലയാളസിനിമയിലെ മലീമസമായ അഴുക്കുചാലുകളെ കുറിച്ചും അതിനുപിന്നിലുളള കറുത്ത കരങ്ങളെ കുറിച്ചുമാണ്.

പീഡിപ്പിക്കപ്പെട്ട നടിക്ക് പിന്തുണ നല്കുന്നുവെന്ന ലേബലിൽ അവൾക്കൊപ്പമെന്ന ഹാഷ്ടാഗുമായി രംഗത്ത് വന്ന സംഘടനയ്ക്ക് അകത്തും പുറത്തും ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ- അത് ചുവപ്പിന്റെ രാഷ്ട്രീയം മാത്രമായിരുന്നു. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു താങ്ങായി നിന്നു കൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാൻ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതുമാണ് ഈ സംഘടനയെന്ന പുകമറ സൃഷ്ടിച്ചുക്കൊണ്ട് രംഗത്തുവന്നതിനാൽ തുടക്കത്തിൽ സിനിമയ്ക്കകത്തും പൊതുസമൂഹത്തിലും ഈ സംഘടനയ്ക്ക് സ്വീകാര്യത ലഭിച്ചു. ആ പുകമറ കണ്ട് തെറ്റിദ്ധരിച്ചാണ് മഞ്‌ജു വാര്യരും രേവതിയുമൊക്കെ ഇതിനൊപ്പം നിന്നത്. എന്നാൽ കുറഞ്ഞസമയത്തിനുള്ളിൽ തന്നെ ലേഡിസൂപ്പർസ്റ്റാറായ മഞ്ജുവിനു മനസ്സിലായി ഈ സംഘടനയുടെ പൊള്ളത്തരമെന്നതാണ് യാഥാർത്ഥ്യം.

WCCയെന്ന സംഘടന പൂർണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാനമികവിൽ ഭാര്യയെ പ്രധാനനടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയസിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാൻ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്. മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലിൽ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യചിന്താസരണിയെ പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ വിധുവെന്ന സ്ത്രീക്ക് കഴിഞ്ഞത് അവർ യഥാർത്ഥസ്ത്രീപക്ഷവാദിയായതിനാലാണ്.

നിലപാടുകൾക്ക് പകരം നിലവിട്ട കളികൾ മാത്രം കളിച്ചൊരു സംഘടനയായിരുന്നുവതെന്ന് തുടങ്ങി കുറച്ച് നാളുകൾക്കുളളിൽ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടന! ദിലീപിനെ ഒതുക്കേണ്ടിയിരുന്നത് മട്ടാഞ്ചേരി ലോബിയുടെ ആവശ്യകതയായിരുന്നു. ഒരേ പന്തിയിൽ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്പിയ സംഘടന അലൻസിയറിന്റെ വിഷയത്തിലും കമൽവിഷയത്തിലുമെല്ലാം പൊട്ടൻ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കിയായിരുന്നു.സ്വജനപക്ഷപാതിത്വത്തിന്റെയും ഇരട്ടത്താപ്പിന്റെയും മിനുമിനുത്ത മുഖങ്ങൾ വെള്ളിവെളിച്ചത്തിൽ നിന്നും പകൽവെളിച്ചത്തിലേയ്ക്ക് ക്യാറ്റ്വാക്ക് നടത്തിയ സംഘടനയാണ് അത്. പകൽപ്പോലെ സത്യമായ മലയാളസിനിമയിലെ നെപ്പോട്ടിസത്തിനെതിരെ ആഷിഖും റിമയും പ്രതികരിക്കാത്തത് അവരുടെ മട്ടാഞ്ചേരി ലോബി പ്രവർത്തിക്കുന്നത് നെപ്പോട്ടിസമെന്ന പ്രത്യയശാസ്ത്രത്തിലൂന്നിയാണ് എന്നതിനാലാണ്. ദീദി ദാമോദരനു സ്വന്തം മകളുടെ സിനിമയ്ക്ക് കാശ് മുടക്കാനിരുന്ന ആൾ വിധുവിനെ സഹായിച്ചതിന്റെ പേരിൽ പക. കേരളചലച്ചിത്ര അക്കാദമിയിൽ നിന്നും മഹേഷ് പഞ്ചുവിനെ പുറത്താക്കാൻ ബീനാപോൾ കമലിനൊപ്പം കളിച്ച നാറിയ കളികൾ സിനിമാലോകത്ത് പാട്ടാണ്.

ഉണ്ണികൃഷ്ണൻ ടീമിനെതിരെ കളിക്കാൻ ആഷിക് അബു ചരടുവലിയിൽ തുടങ്ങിയ സംഘടനയാണ് WCC.ദിലീപ് വിഷയം വന്നപ്പോൾ കൂടെ നിന്ന ഇന്നസെന്റിനെയും മുകേഷിനെയും ഗണേഷ്കുമാറിനെയും സിദ്ദിഖിനെയും വിമർശനങ്ങളിൽ നിന്നും നൈസായിട്ട് ഒഴിവാക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് പറഞ്ഞ് അതിന്റെയെല്ലാം കുറ്റം ബി. ഉണ്ണികൃഷ്ണനും സുരേഷ്കുമാറിനും ( രേവതി കലാമന്ദിർ) മോഹൻലാലിനും എതിരെ മാത്രം ചാരാൻ പ്രത്യേകം ശ്രമിച്ചിരുന്നു WCC യെന്ന് പ്രത്യേകം കൂട്ടിവായിക്കണം .ഒപ്പം അമ്മയുടെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് രേവതിയെ മുൻനിറുത്തി ലാലേട്ടനെതിരെ കളിച്ച മൂന്നാംകിട പൊറാട്ടുനാടകവും ഈ സംഘടനയുടെ കുതന്ത്രമായിരുന്നു.അത് അവരുടെ രാഷ്ട്രീയം മാത്രം നോക്കി നടത്തിയ ഒരു പടനീക്കമായിരുന്നു. ഇന്ന് വിധുവിന്റെ തുറന്നുപറച്ചിലുകൾ തുറന്നുകാട്ടുന്നുണ്ട് ബി. ഉണ്ണികൃഷ്ണന്റെയും ഉർവ്വശി തിയേറ്റേഴ്സ് സിനിമാകമ്പനിയുടെ ഉടമ സന്ദീപ് സേനന്റെയുമൊക്കെ രാഷ്ട്രീയം മറയാക്കാത്ത നല്ല നിലപാടുകൾ.

മലയാളസിനിമയിലെ മട്ടാഞ്ചേരിലോബിയുടെ ലേഡിവിംഗ് മാത്രമായ ഒരു സംഘടനയാണിത്.
ഇടതുപക്ഷത്തിന്റെ സ്വന്തം വനിതാകമ്മിഷൻ പോലെ ഇടതുപക്ഷസിനിമയുടെ വനിതാകമ്മിഷനായ സംഘടനയിലൂടെ ആഷിഖ് അബു സ്വപ്നം കാണുന്നത് ഒരു രാഷ്ട്രീയപ്രവേശമാണ്. എറണാകുളത്തിന്റെ സ്വന്തം സഖാവ് പി.രാജീവ് വഴി റിമയെയോ ആഷിഖ് തന്നെയോ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ആദ്യകോഴ്സാണ് ഈ സംഘടന. റിമയെന്ന നക്ഷത്രത്തെ മുൻനിറുത്തി,പാർവ്വതി തിരുവോത്തിന്റെ സ്റ്റാർവാല്യു ആയുധമാക്കി സിനിമാരംഗത്തെ തിളങ്ങുന്ന സ്ത്രീനക്ഷത്രങ്ങളെ പ്രചരണായുധമാക്കി മാറ്റാനുള്ള തിരക്കഥയ്ക്കാണ് വിധുവിന്റെ തുറന്നുപറച്ചിൽ തടസ്സമാവുന്നത്.

പാർവ്വതി തിരുവോത്ത് എന്ന പേരിനൊപ്പം നിലപാട് എന്ന വാക്ക് ചേർത്തുവിളിച്ചവരറിഞ്ഞില്ല അതിലുണ്ടായിരുന്നത് വരേണ്യതയുടെയും എലൈറ്റിസത്തിന്റെയും ചുരുക്കെഴുത്ത് മാത്രമായിരുന്നുവെന്ന യാഥാർത്ഥ്യം. ജാതി വാൽ മുറിച്ചെങ്കിലും ഉള്ളിലെ ജാതീയത മായ്ക്കാൻ തിരുവോത്തിനു കഴിഞ്ഞില്ലായെന്ന് വിധുവിന്റെ തുറന്നുപറച്ചിൽ അടിവരയിടുന്നുണ്ട്. എന്തായാലും കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ് വിധുവിൻസന്റിന്റെ ഈ നിലപാട്. ഒരു പീഡനകേസിന്റെ മറവിൽ വാർത്തെടുത്ത മട്ടാഞ്ചേരി ലോബിയുടെ അസ്സലൊരു ക്രിമിനലിസത്തിന്റെ സ്ക്രിപ്റ്റ് പൊളിച്ചെഴുതാൻ ആ രാജിക്കും വിധുവിന്റെ തുറന്നെഴുത്തിനും കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തണലിൽ കരുണ വരെ വിറ്റു കാശാക്കിയ ഇടുക്കിഗോൾഡിന്റെ കളികൾ ഒന്നൊന്നായി മലയാളസിനിമയും പൊതുസമൂഹവും തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു. തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ ഭാഗമാണ് WCCയെന്ന സംഘടനയെന്ന് വിധുവിന്റെ തുറന്നുപറച്ചിലിലൂടെ കാലം അടയാളപ്പെടുത്തുന്നു!

വിധുവിനൊപ്പം#
യഥാർത്ഥ നിലപാടിനൊപ്പം#
പൊരിച്ച മീനിലല്ല സ്ത്രീപക്ഷവാദമെന്ന തിരിച്ചറിവിനൊപ്പം#
ഇടുക്കിഗോൾഡന്റെ തേഞ്ഞുപ്പോയ അപാരതയ്ക്കെതിരെ#

shortlink

Related Articles

Post Your Comments

Related Articles


Back to top button