
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന എന്റോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ സമഗ്ര ഉന്നമനത്തിനും പഠനത്തിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബഡ്‌സ് സ്‌കൂളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് ദുരന്തബാധിതരുടെ ആശ്വാസത്തിനും ഉന്നമനത്തിനും സഹായകമാകുന്നതാണ്. കാസര്‍ഗോഡ് ജില്ലയിലെ എന്റോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 9 പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ബഡ്‌സ് സ്‌കൂളുകള്‍ ഇതിനകം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും എന്റോസള്‍ഫാന്‍ ദുരിതബാധിതരായി കുട്ടികള്‍ക്കുവേണ്ട എല്ലാവിധ സൗകര്യവും നല്‍കിയിരുന്നു. എന്നാല്‍ എന്‍മകജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മ്മാണം സ്ഥല ദൗര്‍ലഭ്യം മൂലം നബാര്‍ഡ് ആര്‍ഡിഎഫ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്റോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ ക്ഷേമം, സമഗ്ര ഉന്നമനം എന്നിവ ലക്ഷ്യം വച്ച് അവര്‍ക്ക് സര്‍ക്കാറില്‍ നിന്നും ലഭ്യമാകേണ്ട എല്ലാ ആനുകൂല്യങ്ങളും, സഹായങ്ങളും, കണക്കാക്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ സമഗ്ര ഉന്നമനത്തിനായി പ്രത്യേക താല്‍പ്പര്യമെടുത്താണ് ഈ സര്‍ക്കാര്‍ എന്‍മകജെ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മ്മാണം അടിയന്തിരമായി നടത്താന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എന്‍മകജെ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തിവരുന്നു. സ്റ്റാഫിനെ നിയമിക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്‍കുകയും ചെയ്തു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
എം.സി. കമറുദ്ദീന്‍ എം.എല്‍.എ., കാസര്‍ഗോഡ് ജില്ലാകളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, ഇജിപി പ്രസിഡന്റ് വൈ. ശാരദ, വൈസ് പ്രസിഡന്റ് അബൂബേക്കര്‍ സിദ്ദിഖ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ജയശ്രീ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എ. ഐഷ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രവതി, വാര്‍ഡ് മെമ്പര്‍ ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments