
ആലപ്പുഴ • ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ 16 ആം സ്ഥാനത്തും രോഗികൾ മരിക്കുന്നതിൽ 18 ആം സ്ഥാനത്തും രോഗ പരിശോധനയിൽ 26 ആം സ്ഥാനത്തും നിൽക്കുന്ന കേരളം എവിടെയാണ് ഒന്നാം സ്ഥാനത്തെന്ന് തെളിവ് സഹിതം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങൾ അവരുടെ ജനങ്ങളെ മുൻകൈ എടുത്ത് മറ്റു സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്നപ്പോൾ കേരളം അതിർത്തികൾ അടച്ച് പി. ആർ വർക്ക് ചെയ്ത് ഇല്ലാത്ത കാര്യങ്ങൾ പൊലിപ്പിച്ചു കാട്ടി ജനങ്ങളെ പറ്റിക്കുകയായിരുന്നു. മദ്യ വിൽപ്പനയിലും ചൂതാട്ടത്തിലും കേരളം ഒന്നാമതാണ് എന്ന് എല്ലാവർക്കുമറിയാം. കേരളത്തിന്റെ വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തിനു മുന്നിൽ പത്രസമ്മേളനങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വരെ പറ്റിക്കുന്നു. സൗജന്യ ക്വാറന്റീൻ സൗകര്യം ഒരുക്കാതെ മണിക്കൂറുകളോളം അവരെ തെരുവോരങ്ങളിൽ നിർത്തുന്നു. പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തടയിടാൻ പല വഴിയിലൂടെ ശ്രമിക്കുകയാണ് പിണറായി സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി ബി.ജെ.പി. വരും ദിനങ്ങളിൽ രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അവർക്ക് സൗജന്യ ക്വാറന്റീൻ സൗകര്യം ഉറപ്പുവരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എം.വി. ഗോപകുമാർ പ്രതിക്ഷേധസമരത്തിന് അധ്യക്ഷം വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ഉപാധ്യക്ഷന്മാരായ എൽ.പി.ജയചന്ദ്രൻ, സി.എ. പുരുഷോത്തമൻ, അഡ്വ.പി.കെ.ബിനോയ്, അഡ്വ.രൺജിത് ശ്രീനിവാസ്, സെക്രട്ടറിമാരായ ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം എ.ഡി.പ്രസാദ് നിയോജക മണ്ഡലം അധ്യക്ഷന്മാരായ കെ.എസ്. വിനോദ്, സതീഷ് ചെറുവല്ലൂർ, ബൈജു തിരുനെല്ലൂർ, കൃഷ്ണകുമാർ രാംദാസ്, എന്നിവർ സംസാരിച്ചു.
Post Your Comments