വാഷിംഗ്ടണ്‍: ചൈനയുടെ പിടിച്ചെടുക്കല്‍ നയത്തില്‍ പ്രതിഷേധിച്ച് ഹോങ്കോംഗിനുള്ള പ്രതിരോധകരാര്‍ അമേരിക്ക റദ്ദാക്കി. ചൈന ഹോങ്കോംഗില്‍ നടപ്പാക്കാനൊരുങ്ങുന്ന ദേശീയ സുരക്ഷാ നിയമത്തിനോടുള്ള പ്രതിഷേധമായിട്ടാണ് നടപടി. അമേരിക്കയുടെ പ്രതിരോധ നയത്തിലെ മാറ്റം സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പ്രഖ്യാപിച്ചത്. ‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഹോങ്കോംഗിന് മേല്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നയത്താല്‍ അവരുമായുള്ള എല്ലാ നയങ്ങളും പുന:പരിശോധിക്കേണ്ട അവസ്ഥയാണ്.’
‘അതിനാല്‍ ചൈനയോട് എടുക്കുന്ന അതേസമീപനം നിലവിലെ ഹോങ്കോംഗ് ഭരണകൂടത്തോട് എടുക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായിരിക്കുകയാണ്. പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും എടുത്തിരിക്കുന്ന നടപടികള്‍ അതുമായി ബന്ധപ്പെട്ടവയാണെന്നും’ പോംപിയോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഹോങ്കോംഗുമായി നടത്തിവന്ന പ്രതിരോധ രംഗത്തെ കയറ്റുമതി വ്യവസ്ഥകള്‍ ഇന്നുമുതല്‍ റദ്ദാക്കുകയാണ്. ഒപ്പം സാങ്കേതിക മേഖലകള്‍ക്കു നല്‍കി വന്ന സഹായങ്ങളും നിര്‍ത്തലാക്കിയതായി അറിയിക്കുകയാണ്.’
‘ഹോങ്കോംഗിന്റെ സ്വതന്ത്ര ഭരണത്തിന് മേല്‍ ബീജിംഗിന്റെ കൈകടത്തല്‍ അംഗീകരിക്കാനാകില്ല. ചൈനയുടെ ‘ഒരു രാജ്യം ഒരു ഭരണസംവിധാനം’ എന്നത് ഹോങ്കോംഗ് തുടര്‍ന്നുവന്ന ആഗോള നയത്തിനും അവിടത്തെ സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്’ മൈക്ക് പോംപിയോ വ്യക്തമാക്കി.അമേരിക്ക ഹോങ്കോംഗിന് നല്‍കുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷന്‍ ആര്‍മിയുടെ കൈകളിലേക്ക് എത്തിച്ചേരും.
അത് പ്രദേശത്തിന് തന്നെ ഭീഷണിയാണ്. തങ്ങളുടെ നിലപാട് ജനങ്ങള്‍ക്കെതിരല്ല. പക്ഷെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ തന്നെയാണ്. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കാവുന്ന തരത്തിലെല്ലാം അമേരിക്ക നയങ്ങളെടുക്കുമെന്നും പോംപിയോ പറഞ്ഞു.
Post Your Comments