ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏഴ് പോര്‍മുഖങ്ങള്‍. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകള്‍ കരസേന ആരംഭിച്ചു. 3 സേനാ ഡിവിഷനുകളെ (ഏകദേശം 45,000 പട്ടാളക്കാര്‍) അവിടെ സജ്ജമാക്കും. അവയ്‌ക്കൊപ്പം, വ്യോമസേന, ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും. പ്രശ്‌നപരിഹാരം നീണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടു ശൈത്യകാലം ആരംഭിക്കുന്ന നവംബര്‍ വരെ തുടരാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. എതിര്‍ഭാഗത്തേക്കു കടന്നുകയറിയുള്ള ആക്രമണമല്ല, മറിച്ച് ചൈനയുടെ നീക്കങ്ങള്‍ പ്രതിരോധിക്കുക, തിരിച്ചടിക്കുക എന്നതാണു ദൗത്യം.
ഒരു മാസത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങള്‍ക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങള്‍ നടത്തുന്നതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഡല്‍ഹിയില്‍ മടങ്ങിയെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
Post Your Comments