KeralaLatest NewsNews

പള്ളിപ്പുറം ഖനനം: അഴിമതിക്ക് ഇ.പി ജയരാജൻ നേതൃത്വം നൽകുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനം നടത്താൻ നേതൃത്വം കൊടുക്കുന്നത് വ്യവസായ മന്ത്രി ഇ.പി ജയരാജനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൻെറ അകത്തും പുറത്തുമുള്ള ഖനന മാഫിയകളുമായി ചേർന്ന് ശതകോടികളുടെ അഴിമതിയാണ് സർക്കാരിൻെറ ലക്ഷ്യമെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ ഖനനം നടത്തി സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണിത്. പമ്പയിലെയും കണ്ണൂരിലെയും മണൽവാരലിന് നേതൃത്വം നൽകിയ അതേ സംഘമാണ് ടെക്നോസിറ്റിയിലുമെത്തിയത്. മംഗലപുരം പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഖനനം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിൻെറ ലംഘനമാണിത്.

വനം,പരിസ്ഥിതി മന്ത്രാലയത്തിൻെറ ചട്ടങ്ങൾ പാലിക്കാതെയായിരുന്നു പമ്പയിൽ മണൽ നീക്കൽ നടന്നത്. കേരളത്തിൻെറ പ്രകൃതി സമ്പത്ത് സി.പി.എം കൊള്ളയടിക്കുകയാണ്. പള്ളിപ്പുറത്തെ ഒരുതരി മണ്ണുപോലും നഷ്ടപ്പെടാൻ ബി.ജെ.പി പ്രവർത്തകർ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന ട്രെഷറർ ജെ.ആ‌ർ പദ്മകുമാർ, ജില്ലാ സെക്രട്ടറിമാരായ എം.ബാലമുരളി, എസ്.ജയചന്ദ്രൻ, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, ജനറൽ സെക്രട്ടറിമാരായ കെ.ഉദയകുമാർ, വി.പി മുരളീകൃഷ്ണൻ,ചിറയൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദീപ സുരേഷ്, ഭുവനചന്ദ്രൻ നായർ, സംസ്ഥാന കൗൺസിൽ അംഗം വിലോചന കുറുപ്പ്, മുൻ സംസ്ഥാന സമിതി അംഗം തോന്നക്കൽ രവി എന്നിവർ കൂടെയുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button